12 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി;പ്രതികളുടെ വധശിക്ഷ നടപ്പാക്കി

മൊഗാദിഷു: രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സംഭവമായിരുന്നു 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊന്ന സംഭവം. വളരെയധികം വിവാദമായതിന് ശേഷം കേസിലെ പ്രതികളുടെ വധശിക്ഷ സൊമാലിയ നടപ്പിലാക്കി.

പ്രതികളായ രണ്ടുപേരെയും പരസ്യമായി വെടിവെച്ച് കൊന്നാണ്‌ ശിക്ഷ നടപ്പാക്കിയത്. പെണ്‍കുട്ടിയുടെ പിതാവും ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയിരുന്നു. ചൊവ്വാഴ്ച സൊമാലിയയുടെ വടക്കന്‍ തീരത്തെ ബൊസ്സാസ്സോ ടൗണ്‍ സ്‌ക്വയറില്‍ വെച്ചാണ് രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കിയത്. 2019 ഫെബ്രുവരിയിലാണ് ഗാല്‍ക്കയോയിലെ മാര്‍ക്കറ്റില്‍നിന്ന് 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അബ്ദിഫത്താഹ് അബ്ദുറഹ്മാന്‍ വാര്‍സെം, അബ്ദിഷുക്കൂര്‍ മുഹമ്മദ് ഡിഗെ, വാര്‍സെമിന്റെ സഹോദരന്‍ അബ്ദിസലാം അബ്ദുറഹ്മാന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. മൂവരും കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും അബ്ദിസലാം അബ്ദുറഹ്മാന്റെ വധശിക്ഷ മാത്രം ചൊവ്വാഴ്ച നടപ്പാക്കിയില്ല.ഇയാള്‍ക്കെതിരായ കേസില്‍ വീണ്ടും പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചതിനാലാണ് ശിക്ഷ നടപ്പാക്കാതിരുന്നത്.

Loading...

ആദ്യഘട്ടത്തില്‍ പത്തുപേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൊമാലിയയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു 12 വയസ്സുകാരിയുടെ കൊലപാതകം. പെണ്‍കുട്ടിക്ക് നീതി തേടി ജനങ്ങള്‍ പലയിടങ്ങളിലും തെരുവിലിറങ്ങി. സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇതോടെയാണ് കേസിലെ നടപടിക്രമങ്ങള്‍ അധികൃതര്‍ വേഗത്തിലാക്കിയത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് സൊമാലിയ. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും കാര്യമായ നടപടികളുണ്ടാവാറില്ല. ഇത്തരം കേസുകള്‍ പോലീസ് ഗൗരവതരമായി കാണാത്തതാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ അഭിപ്രായം.