ആലോചിച്ചുറപ്പിച്ച വിവാഹം മുടങ്ങിയ വൈരാഗ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി കുത്തിക്കൊന്നു

കോട്ട :വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ സീനു എന്ന പെണ്‍കുട്ടിയെയാണ് വൈരാഗ്യത്തെ തുടര്‍ന്ന് സാബിര്‍ എന്ന യുവാവ് കുത്തി കൊന്നത്.സാബിറുമായുള്ള പെണ്‍കുട്ടിയുടെ കല്യാണം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇരു വീട്ടുകാരും തമ്മില്‍ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ നാല് മാസങ്ങള്‍ക്ക് മുന്‍പ് താന്‍ കല്യാണത്തില്‍ നിന്നും പിന്‍മാറുന്നതായി സീനു തന്റെ മാതാപിതാക്കളെ അറിയിച്ചു .

സാബിര്‍ ലഹരി ഉപയോഗത്തിന് അടിമയാണെന്ന് പെണ്‍കുട്ടി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. തുടര്‍ന്ന് സീനുവിന്റെ വീട്ടുകാര്‍ ഈ കല്യാണത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് സാബിര്‍ ഇവരുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. പെണ്‍കുട്ടി പുറത്തിറങ്ങുന്നത് കാത്ത് വീടിന് പരിസരത്ത് തന്നെ യുവാവ് കറങ്ങി നടക്കാറുണ്ടായിരുന്നു.

Loading...

ഇതു കാരണം അമ്മയോടൊപ്പമാണ് പെണ്‍കുട്ടി എന്നും പുറത്തേക്ക് പോകാറുള്ളത്. എന്നാല്‍ സംഭവ ദിവസം അമ്മയ്ക്ക് വീട്ടില്‍ തിരക്കായത് കാരണം ഇളയ സഹോദരിയോടൊപ്പമാണ് പെണ്‍കുട്ടി പുറത്തേക്ക് പോയത്. അപ്പോഴാണ് സാബിര്‍ സീനുവിനെ പുറകില്‍ നിന്നും വന്ന് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കാന്‍ തുടങ്ങിയത്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ 22 ഓളം മുറിവുകളേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. സാബിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.