കൊവിഡ്; ​ഗോവയിൽ കേരളത്തിൽ നിന്നുള്ളവർക്ക് വിലക്ക്

പനജി: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ​ഗോവ. കേരളത്തിൽ നിന്ന് എത്തുന്ന ഗോവയിലെ വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമാണ് അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ നിർദേശിച്ചിരിക്കുന്നത്. നോർത്ത്, സൗത്ത് ഗോവകളുടെ ജില്ലാ ഭരണകൂടങ്ങളാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളും ജീവനക്കാരുമല്ലാത്തവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരും അഞ്ച് ദിവസം ക്വാറന്റൈനിൽ കഴിയണം.വിദ്യാർത്ഥികൾക്ക് ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ചുമതല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്. ജീവനക്കാർക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ക്വാറന്റൈനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. ആരോഗ്യ പ്രവർത്തകർ, അവരുടെ ജീവിത പങ്കാളികൾ, രണ്ട് വയസിന് താഴെയുള്ള കുട്ടികൾ, അടിയന്തര ആവശ്യമുള്ളവർ എന്നിവർക്ക് ഇളവുണ്ട്. അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ആർടിപിസിആർ പരിശോധന നടത്തണം. സെപ്റ്റംബർ 20 വരെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ തുടരും.

Loading...