മികച്ച ഉദ്യോഗസ്ഥയ്ക്കുളള സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ തഹസില്‍ദാറിന്റെ വീട്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും പിടികൂടി

ന്യൂഡല്‍ഹി: മികച്ച ഉദ്യോഗസ്ഥയ്ക്കുളള തെലങ്കാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ തഹസില്‍ദാറിന്റെ വീട്ടില്‍ നിന്നും 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. അഴിമതി വിരുദ്ധ വിഭാഗ മാണ് പണവും സ്വർണ്ണവും പിടികൂടിയത്.

തെലങ്കാനയിലെ രങ്കറെഡ്ഡി ജില്ലയിലെ കേശംപേട്ട് തഹസില്‍ദാര്‍ വി. ലാവണ്യയുടെ ഹൈദരാബാദ് ഹയാത്ത് നഗറിലെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെത്തിയത്.

ഭൂമിരേഖകളിലെ തെറ്റ് തിരുത്തുന്നതിന് കര്‍ഷകനായ ഭാസ്‌കറില്‍ നിന്ന് വില്ലേജ് ഓഫീസര്‍ അനന്തയ്യ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിന് പിന്നാലെയാണ് തഹസില്‍ദാറുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. തഹസില്‍ദാര്‍ ലാവണ്യക്ക് അഞ്ച് ലക്ഷവും വില്ലേജ് ഓഫീസര്‍ക്ക് മൂന്ന് ലക്ഷവും കൈക്കൂലി നല്‍കിയെന്ന് കര്‍ഷകന്‍ വെളിപ്പെടുത്തിയിരുന്നു.

ഭൂമിരേഖയിലെ തെറ്റുകള്‍ തിരുത്തി തരണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകന്‍ തഹസില്‍ദാര്‍ ലാവണ്യയുടെ കാലില്‍ വീഴുന്നതിന്റെ വിഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വില്ലേജ് ഓഫീസര്‍ 30,000 രൂപ ചോദിച്ചെന്ന് തഹസില്‍ദാറോട് പറയുന്നതും വിഡിയോയിലുണ്ട്. അതേസമയം റെയ്ഡിന് ശേഷം അഴിമതി വിരുദ്ധ വിഭാഗം ലാവണ്യയെ ചോദ്യം ചെയ്‌തെങ്കിലും കൈക്കൂലി വാങ്ങിയെന്ന ആരോപണം തഹസില്‍ദാര്‍ നിഷേധിച്ചു.