സ്വര്‍ണവും പണവും മോഷ്ടിച്ചതല്ല, കടബാധ്യത തീര്‍ക്കാനായി അവര്‍ നല്‍കിയത്

തിരുവനന്തപുരം. വെള്ളായണിയില്‍ മന്ത്രവാദത്തിന്റെയും പൂജയുടെയും മറവില്‍ 55 പവന്‍ സ്വര്‍ണാഭരണവും 1.5 ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന പരാതിയില്‍ വിശദീകരണവുമായി ആള്‍ദൈവമെന്ന് അറിയപ്പെടുന്ന കളിയിക്കാവിള സ്വദേശി വിദ്യ. സ്വര്‍ണം മോഷ്ടിച്ചതല്ല, പരാതിക്കാര്‍ പണയം വയ്ക്കാനായി നല്‍കിയതാണെന്നും വിദ്യ അവകാശപ്പെട്ടു.

ആള്‍ദൈവമായി പൂജകള്‍ നടത്താറില്ലന്നും വിദ്യ പറയുന്നു. സ്വര്‍ണം കൈവശമുണ്ടെന്നു സമ്മതിച്ച വിദ്യ അതൊന്നും മോഷ്ടിച്ചതെല്ലന്നും ക്ഷേത്രത്തിലെ കടബാധ്യത തീര്‍ക്കാനായി അവര്‍ തന്നെ നല്‍കിയതാണെന്നും അവകാശവാദം ഉന്നയിക്കുന്നു. വെള്ളായണിയിലെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും പൂജ നടത്തിയിട്ടിയില്ല ആള്‍ദൈവമല്ല, കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പൂജകളെന്നും വിശദീകരണം. പകുതി സ്വര്‍ണം തിരികെ നല്‍കിയെന്നും അവശേഷിക്കുന്നവ 21ന് നല്‍കുമെന്നും പോലീസിനെ അറിയിച്ചു.

Loading...

നേമം വെള്ളായണി ശിവോദയം റോഡില്‍ കൊടിയില്‍ വീട്ടില്‍ വിശ്വംഭരന്റെ മകള്‍ വിനിതുവാണ് ഇതു സംബന്ധിച്ച് നേമം പോലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിലെ തുടര്‍ച്ചയായ ദുര്‍മരണങ്ങള്‍ക്കു പരിഹാരമെന്നു വിശ്വസിപ്പിച്ചു തമിഴ്‌നാട് സ്വദേശികളായ പിതാവും മകളും ചേര്‍ന്ന് സ്വര്‍ണവും പണവും കവര്‍ന്നു എന്നാണ് വിനിതുവിന്റെ പരാതി. ഒന്നര വര്‍ഷം മുന്‍പാണ് സംഭവം.

മന്ത്രവാദത്തോടനുബന്ധിച്ച് തങ്ങളില്‍ നിന്നു സ്വര്‍ണവും പണവും വാങ്ങി വീട്ടിലെ അലമാരയില്‍ പൂട്ടി വച്ചു എന്നും ആദ്യം 15 ദിവസ ശേഷം തുറന്ന് എടുക്കുക എന്നു പറഞ്ഞാണ് തട്ടിപ്പുകാര്‍ സ്ഥലം വിട്ടതെന്ന് പരാതിക്കാരി പറഞ്ഞു. ഇതിനിടെ അലമാര തുറക്കാന്‍ പല മാസങ്ങളുടെ ഇടവേളകള്‍ നിര്‍ദേശിച്ചു. പിന്നീട് അലമാര തുറന്നു പരിശോധിച്ചപ്പോള്‍ ശൂന്യമായിരുന്നു എന്നു വിനിതു പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെന്നും വിനിതു പറഞ്ഞു. മറ്റു നടപടികള്‍ വേണ്ടെന്നും തട്ടിയെടുത്ത സ്വര്‍ണം തിരികെ വാങ്ങി നല്‍കിയാല്‍ മതിയെന്ന പരാതിക്കാരുടെ ആവശ്യമനുസരിച്ച് പകുതിയിലധികം സ്വര്‍ണം വാങ്ങി നല്‍കിയിട്ടുണ്ടെന്നു നേമം പോലീസ് പറയുന്നു.