കോൺസുലേറ്റിലേക്ക് പല തവണ ബാഗുകൾ വാങ്ങി നൽകി: ബാഗിൽ സ്വർണമാണെന്ന് അറിഞ്ഞിരുന്നില്ല: വിമാനത്താവളത്തിൽ പോയിരുന്നത് സരിത്തിനൊപ്പം കോൺസുലേറ്റ് വാഹനത്തിൽ: അറ്റാഷെയുടെ ഗൺമാൻ ജയഘോഷിന്റെ മൊഴി പുറത്ത്


തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിന്റെ മൊഴി പുറത്ത്. ബാഗിൽ സ്വർണമാണെന്ന് അറിഞ്ഞിരുന്നില്ല. സരിത്തിനൊപ്പം കോൺസുലേറ്റ് വാഹനത്തിലാണ് താൻ വിമാനത്താവളത്തിൽ പോയിരുന്നത്. സ്വർണക്കടത്ത് വാർത്തയറിഞ്ഞപ്പോഴാണ് പ്രതികളെ വിളിച്ചതെന്നും ജയഘോഷ് പറഞ്ഞു. കോൺസുലേറ്റിലേക്ക് പല തവണ ബാഗുകൾ വാങ്ങി നൽകിയിരുന്നെന്നാണ് ജയഘോഷ് എൻഐഎയോട് പറഞ്ഞത്. സ്വർണമടങ്ങിയ ബാഗ് പല തവണ ജയഘോഷ് കൊണ്ടുപോയെന്നും എൻഐഎ വ്യക്തമാക്കി. ജയഘോഷിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. അതേസമയം ജയഘോഷിന്റെ മൊഴിയും ഫോൺകോൾ രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് എൻഐഎ അറിയിച്ചു.

അതിനിടെ ജയഘോഷിന്റെ നിയമനത്തിൽ ദുരൂഹതയുണ്ടെന്ന വിവരവും പുറത്തുവന്നു. ജയഘോഷിന്റെ നിയമന ഉത്തരവടക്കം പാലീസ് വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. ജയഘോഷിന്റെ നിയമനത്തിലും കാലാവധി നീട്ടലിലും ചട്ടലംഘനമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയില്ലെന്നും ആരോപണമുണ്ട്. 2020 ജനുവരി 8നാണ് ജയഘോഷിന്റെ കാലാവധി വീണ്ടും നീട്ടി നൽകിയത്. ഡിജിപിയുടെ ഉത്തരവിലൂടെ ഒരു വർഷത്തേക്ക് കാലാവധി നീട്ടുകയായിരുന്നു.

Loading...

ഇതിനിടയിൽ യുഎഇ കോൺസുലേറ്റുമായുള്ള ബന്ധം സംബന്ധിച്ച് സംസ്ഥാനത്ത് ഗുരുതര വീഴ്ചയെന്ന് ഐബി റിപ്പോർട്ട് പുറത്തു വന്നു. പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുമായും, മന്ത്രിമാരുമായും കോൺസുലേറ്റ് ബന്ധപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യ താത്പര്യത്തിന് വിരുദ്ധമാണ് നടപടിയെന്നാണ് റിപ്പോർട്ട്. യുഎഇ നയതന്ത്ര പ്രതിനിധിക്ക് പൊലീസ് സുരക്ഷ നൽകിയതും നിയമവിരുദ്ധ നടപടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സുരക്ഷ നൽകിയത് കൃത്യമായ കാരണങ്ങളില്ലാതെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.