തിരുവനന്തപുരം വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസ്: യുഎഇ സർക്കാർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസിൽ യുഎഇ സർക്കാർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. കോൺസുലേറ്റിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. നയതന്ത്രചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച കേസായതിനാൽ കോൺസുലേറ്റിന്‍റെ തന്നെ സൽപ്പേരിന് ബാധിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് യുഎഇ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ അന്വേഷണഏജൻസികൾ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിക്കുന്നത്.

കേസിൽ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ സരിത്ത് അറസ്റ്റിലായിരുന്നു. സരിത്തിൽ നിന്നാണ് ഐടി വകുപ്പ് ഉദ്യോഗസ്ഥയായ സ്വപ്‌നാ സുരേഷിന്റെ പങ്ക് കസ്റ്റംസിന് വ്യക്തമായത്. അതേസമയം സ്വപ്‌നാ സുരേഷിന്റെ ഫ്ളാറ്റില്‍ നിന്ന് ലാപ്‌ടോപ്പും ഹാർഡ് ഡ്രൈവും അന്വേഷണ സംഘം പിടിച്ചെടുത്തു. അന്വേഷണം കസ്റ്റംസ് ഊർജിതമാക്കി. സ്വപ്‌ന സുരേഷിന്റെ ഫ്ലാറ്റിലെ കസ്റ്റംസ് റെയ്ഡ് പൂർത്തിയായെന്നാണ് വിവരം. ലാപ്‌ടോപ്പും പെൻഡ്രൈവും ഹാർഡ് ഡിസ്‌ക്കും പിടിച്ചെടുത്തു. ആറ് മണിക്കൂർ റെയ്ഡിനൊടുവിലാണ് ഇവ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസവും സ്വപ്‌നയുടെ വീട്ടിൽ റെയ്ഡുണ്ടായിരുന്നു. എന്നാൽ ഇന്ന് കെയർ ടേക്കറുടെ സഹായത്തോടെ ഇന്ന് കൂടൂതൽ തെരച്ചിൽ നടത്തി.

Loading...

ഒരു വർഷത്തിനിടെ 160 കിലോയോളം സ്വർണം പ്രതികൾ കടത്തിയതായാണ് പ്രാഥമിക സൂചന. ഐടി വകുപ്പിൽ ജോലി ചെയ്യുമ്പോഴും സ്വപ്‌നയ്ക്ക് യുഎഇ കോൺസുലേറ്റിൽ ഉന്നത സ്വാധീനമുണ്ടായിരുന്നതായാണ് വിലയിരുത്തൽ. പ്രതി സരിത്തിനെ എൻഐഎയും ഐബിയും ഇന്ന് ചോദ്യം ചെയ്തു. അതേസമയം കേസില്‍ ഏത് അന്വേഷണത്തിനും സമ്മതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റവാളികളെ കണ്ടെത്തുകയും അവരുടെ വേരറുക്കുകയും വേണം. ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും കുഴപ്പമില്ല. അത് കേന്ദ്ര സർക്കാരാണ് തീരുമാനിക്കുക. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു തീരുമാനവും എടുക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.