വീട് വെക്കാൻ മണ്ണ് നീക്കിയപ്പോൾ കിട്ടിയത് 25 ലക്ഷത്തിന്റെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍

വീട് നിർമാണത്തിന്റെ ഭാഗമായി അടിത്തറ കെട്ടാൻ കുഴിയെടുത്തപ്പോൾ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ. ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം.

നിധി കിട്ടിയകാര്യം നാട്ടിൽ പാട്ടായതോടെ പോലീസ് രംഗത്തെത്തി. ആഭരണങ്ങൾ മണ്ണിനടിയിൽനിന്ന് ലഭിച്ചുവെന്നകാര്യം ആദ്യം നിഷേധിച്ച സ്ഥലം ഉടമ പിന്നീട് പോലീസിനോട് അക്കാര്യം സമ്മതിച്ചു. ഇതോടെ പോലീസ് അവ പിടിച്ചെടുത്തു.

Loading...

നിലവിലുള്ള നിയമപ്രകാരം മണ്ണിനടിയിൽനിന്ന് ലഭിക്കുന്ന നിധിശേഖരം ജില്ലാ റവന്യൂ അധികൃതരെ ഏൽപ്പിക്കുകയോ ബന്ധപ്പെട്ട അധികൃതർ ആവശ്യപ്പെടുന്നത് പ്രകാരം ഹാജരാക്കുകയോ ചെയ്യേണ്ടതാണ്.

നൂറു വർഷത്തിലേറെ പഴക്കമുള്ള ആഭരണങ്ങളാണ് മണ്ണിനടിയിൽനിന്ന് കണ്ടെത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. 650 ഗ്രാം സ്വർണാഭരണങ്ങളും 4.53 കിലോഗ്രാം വെള്ളി ആഭരണങ്ങളുമാണ് ലഭിച്ചതെന്ന് ഹർദോയ് പോലീസ് സൂപ്രണ്ട് അലോക് പ്രിയദർശിനി പറഞ്ഞു.

പുരാവസ്തുക്കളെന്ന നിലയിൽ മൂല്യം കണക്കാക്കേണ്ടതുണ്ട്. സ്ഥലം ഉടമയുടെ കൈവശം ആഭരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഒന്നുതന്നെ ഇല്ലാത്ത സാഹചര്യത്തിലാണ് അവ പിടിച്ചെടുത്തതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.