മലബാര്‍ ഗോള്‍ഡിലെ തട്ടിപ്പുകള്‍; പ്രവാസിയെ പിഴിയുന്ന സ്വര്‍ണ്ണക്കച്ചവടക്കാര്‍; സ്വര്‍ണ്ണത്തിന്റെ വിലയെക്കാള്‍ പണിക്കൂലി

ബഷീര്‍ അബ്ദുറഹ്‌മാന്‍

സ്വര്‍ണ്ണം വാങ്ങാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ സ്വര്‍ണ്ണത്തിന്റെ മാര്‍ക്കെറ്റ് വില നോക്കിയാണ് സാധാരണ കടകളിലേക്ക് കടന്നുചെല്ലുക. എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന പല ആകൃതിയില്‍ കടകളില്‍ ഉണ്ടാക്കിവച്ചിട്ടുള്ള ഈ സാധനം വാങ്ങണമെങ്കില്‍ അതിന് സ്വര്‍ണ്ണത്തിന്റെ കമ്പോള വിലയും, അതിന്റെ പണിക്കൂലിയും, പിന്നെ പണിക്കുറവും, കൂടാതെ ഗവണ്മെന്റ് ചുമത്തുന്ന ടാക്സും അടക്കേണ്ടി വരും. അതായത് സ്വര്‍ണ്ണത്തിന്റെ കമ്പോള വിലയുടെ ഏതാണ്ട് അത്രയുംകൂടി കൈവശമുണ്ടെങ്കിലേ ഈ സാധനം അണിഞ്ഞ് നടക്കാന്‍ സാധിക്കൂ എന്ന് സാരം. എന്നാല്‍ ചില പ്രമുഖ ജ്വല്ലറിക്കാര്‍ പാവപ്പെട്ട പ്രവാസികളെ പിഴിഞ്ഞ് കൊഴുത്തുതടിക്കുന്നു. പല പ്രവാസികളും ഇത് ശ്രദ്ധിക്കാറില്ല. പലരും സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ അത്ര അറിവുള്ളവരുമായിരിക്കില്ല, അതാണ് ഈ പ്രമുഖ കമ്പനികള്‍ക്ക് വളവും.

Loading...

ഇവിടെ ഒരു പ്രവാസി സ്വര്‍ണ്ണക്കടയില്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുന്നു…. ഭാവിയില്‍ ഇത്തരം തട്ടിപ്പുകള്‍ കാണുമ്പോള്‍ പ്രതികരിക്കുക.

രണ്ടു ദിവസം മുമ്പ് സുഹൃത്ത് നൌഫലിന്‍റെ കൂടെ ലുലു ഹൈപ്പര്‍ മാര്‍ക്കെറ്റ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ മലബാര്‍ ജ്വല്ലറിയില്‍ പോയിരുന്നു. ആലുക്കാസും മലബാറും അടുത്തടുത്തായി ഉണ്ടെങ്കിലും മലബാറാണ് നല്ലതെന്ന നൌഫലിന്‍റെ അഭിപ്രായപ്രകാരമാണ് അവിടെ പോയത്. നൌഫലും വൈഫും മോതിരം നോക്കുന്നതിനിടയില്‍ ഞാനും വൈഫും പുതിയ ഡിസൈന്‍സ് ഒക്കെയൊന്ന് കാണാന്‍ വേണ്ടി വെറുതെ കറങ്ങി നടന്നു.

എവിടെപ്പോയാലും ആദ്യം ചെയ്യണ്ടത് ആദ്യം ചെയ്യണമല്ലോ. അതിനാല്‍ ഞാനാദ്യം അന്നത്തെ വിലനിലവാരം ചോദിച്ചു. ഗ്രാമിന് 139 റിയാലാണ് അന്നത്തെ വിലയെന്ന്‍ ഒരു സെയില്‍സ്മേന്‍ അറിയിച്ചു. തുടര്‍ന്ന് ഏതാനും മിനിട്ടുകള്‍ക്ക് ശേഷം നൌഫല്‍ മോതിരവും ബില്ലും വാങ്ങി പണമടയ്ക്കാന്‍ കൌണ്ടറിലേക്ക് നീങ്ങുന്നത് കണ്ടു ഞങ്ങളും അങ്ങോട്ട്‌ ചെന്നു. ബില്ലും ഉരുപ്പടിയും ഒന്ന് നോക്കാമെന്ന് കരുതി ഞാന്‍ വാങ്ങി നോക്കി.

ബില്ലിലെ തുക 530 റിയാല്‍. മോതിരം 2. 24 ഗ്രാമും. ങേ..! ആകെ കണ്ഫൂഷനായി! ഗ്രാമിന് വില 139 വെച്ച് 311 റിയാല് കഴിച്ച് ബാക്കി 219 റിയാല്‍ പണിക്കൂലിയോ!! ഇത്രയും വിലപിടിപ്പുള്ള എന്ത് പണിയായിരിക്കും ഈ കാല്‍പ്പവന്‍ മോതിരത്തില്‍ പണിതിട്ടുണ്ടാവുക!! അതോ ഒന്നില്‍ കൂടുതല്‍ തട്ടാന്‍മാര്‍ മണിക്കൂറുകള്‍ പണിയെടുത്തു കാണുമോ അതുണ്ടാക്കാന്‍!

വേഗം ബില്ല് വാങ്ങി ഞാന്‍ സെയില്‍മേന്റെ അടുത്തു പോയി ഇത്തിരി അന്ധാളിപ്പോടെ കാര്യമന്വേഷിച്ചു. ‘പ്രൈസ് ടാഗിലുള്ള വിലയാണ് സാര്‍. ആ വില മാറ്റാന്‍ ഞങ്ങള്‍ക്കാവില്ല’ എന്നായിരുന്നു അയാളുടെ മറുപടി.

‘രണ്ടര ഗ്രാമില്‍ ചുവടെയുള്ള മോതിരത്തിന് നിങ്ങള്‍ ഇരുന്നൂറു റിയാലില്‍ കൂടുതല്‍ പണിക്കൂലി ഈടാക്കുമോ?’ എന്നായി ഞാന്‍.

അതോടെ അയാളുടെ സുപ്പീരിയര്‍ സെയില്‍സ്മേന്‍ ഇടപെട്ടു. ഒരു തരത്തിലും ന്യായീകരിക്കാന്‍ പഴുതില്ലാത്തത്ര വലിയ വിലയാണതെന്ന് പരിശോധനയില്‍ അയാള്‍ക്ക് ബോധ്യമായി.

‘ക്ഷമിക്കണം സര്‍. ബില്‍ എമൌണ്ട് 420 റിയാലാക്കി കുറച്ചിട്ടുണ്ട്.’ എന്നും പറഞ്ഞയാള്‍ വേറെ ബില്ല് പ്രിന്‍റ് ചെയ്തു തന്നു.

പക്ഷെ എന്‍റെ അന്ധാളിപ്പ് അപ്പഴും നീങ്ങിയില്ല. 110 റിയാല്‍ കുറച്ചു എന്നത് ശരിയാണ്. പക്ഷെ 2. 24 ഗ്രാം തൂക്കമുള്ള മോതിരത്തിന് അപ്പോഴും പണിക്കൂലി അന്യായം തന്നെ! 109 റിയാല്‍!!

‘ഒരു ഗ്രാമിന് 46 റിയാല്‍ പണിക്കൂലിയോ?! എത്രയാണ് നിങ്ങളുടെ ആവറേജ് പണിക്കൂലി?’. ഞാന്‍ ചോദിച്ചു.

ആവറേജ് പണിക്കൂലി 11 റിയാലാണെന്നും ഈ മോതിരത്തിനു പ്രത്യേകമായി പണിക്കൂലി ഇത്തിരി കൂടുതലാണെന്നും അയാള്‍ പറഞ്ഞതോടെ ഇനി ഈ തുക കുറയ്ക്കില്ലെന്ന് മനസ്സിലാക്കി ഞങ്ങള്‍ ബില്ലടച്ച് സ്ഥലം കാലിയാക്കി.

പുറത്തിറങ്ങിയിട്ടും സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പക്ഷെ, എന്‍റെ കൌതുകവും അതിലേറെ അരിശവും വിട്ടുമാറിയില്ല. പത്തു പവന്‍ സ്വര്‍ണ്ണത്തിന് ഇത്തരത്തില്‍ പണിക്കൂലി ഈടാക്കിയാല്‍ അശ്രദ്ധനായി ഉരുപ്പടി വാങ്ങി ബില്ലടച്ച് സ്ഥലം വിടുന്ന സാധാരണക്കാരനായ പ്രവാസിക്ക് നഷ്ടം 3893 റിയാല്‍! എന്നുവച്ചാല്‍, മലയാളത്തില്‍ പറഞ്ഞാല്‍, 183,480 രൂപ വിലയുള പത്തു പവന്‍ ആഭരണത്തിന് പണിക്കൂലി മാത്രം ഏകദേശം 64,234 രൂപ!

പെണ്‍മക്കളുടെയും പെങ്ങമ്മാരുടെയും മംഗല്യസ്വപ്നം സഫലമായിക്കാണാന്‍ കൊതിച്ച് ജീവിത ചിലവുകള്‍ അങ്ങേയറ്റം ചുരുക്കി അരിഷ്ടിച്ച് ജീവിക്കുന്ന എത്രയെത്ര പ്രവാസി സുഹൃത്തുക്കളാവും ഇത്തരത്തിലുള്ള കൊടിയ വഞ്ചനകളില്‍ ദിനേനയെന്നോണം പെട്ടുപോവുന്നുണ്ടാവുക!
ആയതിനാല്‍ ഈ വിഷയം എന്റെ പ്രവാസി സുഹൃത്തുക്കളെ അറിയിക്കുകയും പ്രത്യക്ഷത്തില്‍ മനസ്സിലാവാതെ പോവുന്ന ഈ വഞ്ചനയെക്കുറിച്ച് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യാന്‍ ഒരു പ്രവാസിയെന്ന നിലയില്‍ എനിക്ക് ബാധ്യതയുണ്ടെന്നു കരുതുന്നു.