രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം സോക്സിനുള്ളില്‍ പൗഡര്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍

കൊച്ചി: മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി മലപ്പുറം മസ്വദേശി പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ച് എയര്‍ കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. പൗഡര്‍ രൂപത്തിലാക്കിയ സ്വര്‍ണത്തിന് ഏകേദശം ഒരുകോടി രൂപയലധികം വിലവരും. സോക്സിനുള്ളില്‍ രണ്ടേമുക്കാല്‍ കിലോയും ശരീരത്തില്‍ ഒളിപ്പിച്ച അരക്കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.

വിമാനത്താവളത്തില്‍ ഇന്നലെ രണ്ട് യാത്രക്കാരില്‍ നിന്നുമായി 1.6 കിലോ സ്വര്‍ണമിശ്രിതം പിടികൂടിയിരുന്നു. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേരില്‍ നിന്നുമാണ് സ്വര്‍ണമിശ്രിതം പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്വര്‍ണം. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം വിവരം നല്‍കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണമിശ്രിതം പിടികൂടിയത്.

Loading...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ 1.34 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്തും പിടിച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഡിആര്‍ഐയാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 111.64 ഗ്രാം തൂക്കം വീതമുള്ള 30 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. കൂടിയ അളവില്‍ ഒരുമിച്ച് എത്തിക്കാനാണ് സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ ഇത്തരത്തില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച് കൊണ്ട് വരുന്നതെന്ന് ഡിആര്‍ഐ അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണ്ണം കടത്തിയ സംഭവങ്ങളും നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.