വിമാനത്താവളം വഴി സ്വർണക്കടത്ത്, കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസ് സിബിഐ അന്വേഷിക്കും

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വർണം കടത്തിയ കേസ് സിബിഐ അന്വേഷിക്കും. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിന് ഒരുങ്ങുകയാണ് സിബിഐ. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടും. സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് നടക്കുന്നതിൽ ഉദ്യോസ്ഥരുടെ പങ്ക് ചെറുതല്ല.

ഈ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താൻ സിബിഐ തീരുമാനിച്ചിരിക്കുന്നത്. തലസ്ഥാനത്ത് കസ്റ്റംസ് ഇൻസ്‌പെക്ടർമാരായ അനീഷ് മുഹമ്മദ്, എസ് നിഥിൻ എന്നിവർ ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത് കേസിലെ വിവരങ്ങൾ പുറത്തായതിന് പിന്നാലെ സിബിഐ വിശദവിവരങ്ങൾ അനേഷിച്ചിരുന്നു. വിശദമായ അന്വേഷണത്തിലേക്ക് കടക്കണമെങ്കിൽ സർക്കാരിന്റെ അനുമതി കൂടി സിബിഐക്ക് കിട്ടേണ്ടതുണ്ട്.

Loading...

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട പല അഴിമതി കേസുകളിലും സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടുമ്പോൾ അത് നിഷേധിക്കുകയോ, കാലതാമസം വരുത്തുകയോ ആണ് പതിവ്. അബുദാബിയിൽ നിന്നും കൊണ്ടുവന്ന നാലരക്കിലോ സ്വർണം കസ്റ്റംസ് പരിശോധനയ്‌ക്ക് ശേഷം ഡിആർഐ പിടികൂടുകയുണ്ടായി.

ഇതോടെയാണ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തായത്. മുൻപും ഇവരുടെ ഒത്താശയോടെ സ്വർണം കടത്തിയിരുന്നതായും വിവരം ലഭിച്ചു. കള്ളക്കടത്ത് സംഘത്തിന്റെ മൊഴിയെടുത്തിരുന്നെങ്കിലും കേസിന്റെ തുടക്കത്തിൽ ഉദ്യോഗസ്ഥർക്ക് സംരക്ഷണം ലഭിച്ചിരുന്നു.