സ്വപ്‌നയും സന്ദീപും രാജ്യം വിടാന്‍ പദ്ധതിയിട്ടു;പിടിയിലാകുമ്പോള്‍ സ്വപ്‌നയെ പെട്ടന്ന് തിരിച്ചറിഞ്ഞില്ല

ബെംഗളൂരു: രാജ്യത്തെ തന്നെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌നയും സന്ദീപും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ഇരുവരുടെയും പാസ്‌പോര്‍ട്ടും 2 ലക്ഷം രൂപയും എന്‍ഐഎ കണ്ടെടുത്തു. കാറിലാണ് സന്ദീപും സ്വപ്‌നയും ബെംഗളൂരുവില്‍ എത്തിയത്. സന്ദീപും സ്വപ്‌നയും സ്വപ്‌നയുടെ ഭര്‍ത്താവും മക്കളും ഒന്നിച്ചാണ് ബംഗളൂരുവിലേക്ക് കടന്നത്. സന്ദീപായിരുന്നു കാറോടിച്ചിരുന്നത്. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബെംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്.

പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.അതേസമയം തന്നെ ഇരുവരും വേഷം മാറ്റിയിരുന്നു. പിടിയാലാകുമ്പോള്‍ സ്വപ്നയെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല.പിടിയിലാകുമ്പോള്‍ സ്വപ്‌ന ധരിച്ചിരുന്നത് പര്‍ദയായിരുന്നു. ഇതിനോടൊപ്പം തന്നെ ഹെയര്‍ സ്റ്റൈലും മാറ്റിയിരുന്നു. സന്ദീപ് നായരും ലുക്ക് മാറ്റിയിരുന്നു. മുടി വെട്ടിയും മീശയെടുത്തും രൂപമാറ്റം വരുത്തിയിരുന്നു.

Loading...

സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്കെത്താന്‍ നിര്‍ണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോള്‍ വരുകയായിരുന്നു. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു സന്ദീപിന്റെ നിര്‍ദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി. പ്രതികള്‍ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്.