അമ്മ വളയും മോതിരവും വീട്ടിനുള്ളില്‍ ഊരിവെച്ച് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയി… കുളി കഴിഞ്ഞെത്തിയപ്പോള്‍ ആഭരണങ്ങള്‍ ഇല്ല…മോഷണം നടത്തി മുങ്ങിയ മകന്‍ ലോഡ്ജില്‍ നിന്ന് പിടിയില്‍

അമ്മയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് കേസില്‍ മകന്‍ അറസ്റ്റില്‍. കുളിക്കാന്‍ കയറിയ സമയത്താണ് ആഭരണങ്ങള്‍ കാണാതാകുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകന്‍ തന്നെയാണ് മോഷണം നടത്തിയത് എന്ന് തെളിഞ്ഞത്. ചെന്നൈയില്‍ പഠിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് മുങ്ങിയ ആല്‍ബിനെ പാലക്കാട്ട് ഒരു ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം സ്വദേശി ആല്‍ബിന്‍( 21) ആണ് അറസ്റ്റിലായത്. മോഷ്ടിച്ച ഒരു വള വിറ്റ് 50000 രൂപ ഇയാള്‍ കൈക്കലാക്കിയിരുന്നു. വീട്ടുകാര്‍ നിര്‍ദേശിച്ചതനുസരിച്ചു കേസ് ഒഴിവാക്കി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ അമ്മ വളയും മോതിരവും വീട്ടിനുള്ളില്‍ ഊരിവെച്ച് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞെത്തിയപ്പോള്‍ ആഭരണങ്ങള്‍ ഇല്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. വീടിന്റെ മുന്‍ വരാന്തയില്‍ ഈ സമയം ആല്‍ബിന്‍ ഇരിക്കുന്നുണ്ടായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് മകന്‍ ചെന്നൈയില്‍ പഠിക്കാന്‍ പോയെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പൊലീസ്, ആല്‍ബിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു രഹസ്യാന്വേഷണം നടത്തുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തും തുടര്‍ന്ന് എറണാകുളത്തും ഇയാളുടെ ഫോണ്‍ കോള്‍ കണ്ടെത്തി. തുടര്‍ന്നു സൈബര്‍ സെല്‍ സഹായത്തോടെ പാലക്കാട്ടെ ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിക്കുകയായിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു.