സ്വര്‍ണത്തില്‍ ഒരു മാസ്‌ക്, നിറയെ രത്‌നങ്ങളും, വില 11 കോടി

ടെല്‍ അവീവ്: ലോകമെമ്പാടും കോവിഡ് രോഗികള്‍ വ്യാപിക്കുകയാണ്. മാസ്‌ക് എല്ലാ രാജ്യങ്ങളും തന്നെ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എല്ലാവരുടെയും ജീവിത ശൈലിയില്‍ തന്നെ മാസ്‌കും ഇടം പിടിച്ചു കഴിഞ്ഞു. പല വിധത്തിലുള്ള മാസ്‌കുകള്‍ ഇപ്പോള്‍ പുറത്തിറങ്ങി കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു സ്വര്‍ണ മാസ്‌ക് ആണ് പുറത്ത് എത്തിയിരിക്കുന്നത്. സ്വര്‍ണ മാസ്‌കാണ് ഇസ്രായേലിലെ ഒരു ജ്വല്ലറി ഒരുക്കിയിരിക്കുന്നത്.

മാസ്‌കിന്റെ വിലയാണ് ഞെട്ടിക്കുന്നത്. ഏകദേശം 11 കോടി രൂപ. സ്വര്‍ണത്തില്‍ പണിത് രത്‌നം പതിപ്പിച്ചാണ് മാസ്‌ക് എത്തുന്നത്. എന്നാല്‍ ഈ മാസ്‌ക് ആരാണ് വാങ്ങുന്നത് എന്ന വിവരം ജ്വല്ലറി പുറത്ത് വിട്ടിട്ടില്ല. അമേരിക്ക കേന്ദ്രീകരിച്ചുള്ള ഒരു ചൈനീസ് ബിസിനസുകാരനാണ് മാസ്‌ക് വാങ്ങുകയെന്ന് ഇവര്‍ സൂചിപ്പിക്കുന്നു.

Loading...

18 കാരറ്റ് വൈറ്റ് ഗോള്‍ഡാണ് മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ വെളുത്തതും കറുത്തതുമായ 3600 രത്‌നങ്ങളും മാസ്‌കില്‍ പതിപ്പിക്കും. എന്‍ 99 ഫില്‍റ്ററുകളും മാസ്‌കില്‍ ഉപയോഗിക്കും. വാങ്ങുന്ന ആളുടെ നിര്‍ദേശ പ്രകാരമാണ് ഇതെന്നാണ് ജ്വല്ലറി ഉടമ പറഞ്ഞത്. രണ്ട് നിര്‍ദേശങ്ങളാണ് മാസ്‌ക് വാങ്ങുന്ന വ്യക്തി മുന്നോട്ട് വെച്ചത്. ഈ വര്‍ഷം അവസാനത്തോടെ മാസ്‌കിന്റെ പണി പൂര്‍ത്തിയാകും.

പണി പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വിലയേറിയ മാസ് ഈ സ്വര്‍ണ മാസ്‌ക് ആകും. പണം കൊണ്ട് എല്ലാം വാങ്ങാനാവില്ല എന്ന് ഞങ്ങള്‍ക്കറിയാമെന്ന് ജ്വല്ലറി ഉടമയായ ഐസക് ലെവി പറയുന്നു. എന്നാല്‍ പണം ചെലവഴിച്ച് വളരെ പ്രത്യേകതയുള്ള മാസ്‌കിട്ട് നടന്ന് ശ്രദ്ധനേടുന്നതില്‍ വാങ്ങുന്നയാള്‍ സന്തോഷം കണ്ടെത്തുന്നുണ്ടാവും. സ്വര്‍ണ മാസ്‌ക് നിര്‍മാണം വെല്ലുവിളിയാണെന്നും ഒപ്പം സന്തോഷം നല്‍കുന്നതാണെന്നും ലെവി കൂട്ടിച്ചേര്‍ത്തു.