മലയാളത്തിലെ ആദ്യ 3ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് സോണിയ. ഏഴ് വയസ്സുള്ളപ്പോഴായിരുന്നു സോണിയ മൈഡിയര്‍ കുട്ടിച്ചാത്തനില്‍ അഭിനയിക്കുന്നത്. പിന്നീട് നായികയായും സഹനടിയായും സോണിയ മലയാള സിനിമ ലോകത്ത് നിറഞ്ഞ് നിന്നു. എന്നാല്‍ ബാലതാരമെന്ന ഇമേജുള്ളതിനാല്‍ പല അവസരങ്ങളും തനിക്ക് നഷ്ടമായി എന്ന് സോണിയ പറയുന്നു. ഒരിക്കല്‍ നടന്‍ മുകേഷിന്റെ ഭാര്യയായി അഭിനയിക്കുവാന്‍ ഒരു അവസരം ലഭിച്ചു. എന്നാല്‍ അപ്പോള്‍ മമ്മൂട്ടി പറഞ്ഞ കാര്യം തന്നെ വിഷമിപ്പിച്ചുവെന്ന് സോണിയ പറയുന്നു.
ബാലതാരമായി സിനിമയില്‍ എത്തിയതിനാല്‍ തനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. വളര്‍ന്ന് വലുതായപ്പോഴും ഇത് ആവര്‍ത്തിച്ചു. തന്നെ എന്നും ആളുകള്‍ ഒരു കുട്ടിയായി മാത്രമാണ് കണ്ടത്. തന്റെ മുഖത്ത് ഒരു കുട്ടിത്തം എല്ലാവരും കണ്ടിരുന്നു. പിന്നെ എന്റെ പൊക്കക്കുറവും നായിക വേഷത്തിന് വെല്ലുവിളിയായി. പക്വതയുള്ള വേഷങ്ങള്‍ കിട്ടിയില്ലെന്ന് നടി പറയുന്നു. സൈന്യം എന്ന ചിത്രത്തില്‍ എനിക്ക് പകരം ഗൗതമിയെയാണ് അവര്‍ തീരുമാനിച്ചത്. പിന്നീട് എന്നെ വിളിച്ചു. മുകേഷിന്റെ ഭാര്യയായിട്ടാണ് വേഷം. എന്നാല്‍ മമ്മൂട്ടി പറഞ്ഞത് അവള്‍ കുട്ടിയാണെന്നാണെന്നും മുകേഷിന്റെ ഭാര്യയാക്കുവാന്‍ പറ്റില്ലെന്നുമാണെന്ന് സോണിയ പറയുന്നു.
പിന്നീട് ജോഷി വിളിച്ചത് പ്രകാരം ഹൈദരാബാദിലെത്തി മേക്കപ്പ് ചെയ്ത് എത്തിയപ്പോള്‍ മമ്മൂട്ടി ഒന്നും പറഞ്ഞില്ലെന്നും സോണിയ ഓര്‍ക്കുന്നു. കുട്ടിത്തമുള്ള എന്റെ മുഖം കാരണം പല സൂപ്പര്‍ താരങ്ങളുടെ നായികയാകുവാനുള്ള അവസരങ്ങളും നഷ്ടമായി. പിന്നീട് അഭിനയിച്ചിട്ടില്ല. അല്ലെങ്കില്‍ താന്‍ മികച്ച നടിയാകുമായിരുന്നുവെന്നും സോണിയ പറയുന്നു. പക്ഷേ ഇന്ന് നോക്കുമ്പോള്‍ ബാലതാരമായത് നന്നായി എന്നും തോനുന്നുവെന്ന് സോണിയ പറഞ്ഞു.
മൈഡിയര്‍ കുട്ടിച്ചാത്തനും നോമ്പരപ്പൂവും തനിക്ക് തന്നത് വലിയ അവസരങ്ങളാണ്. പത്ത് വര്‍ഷത്തിന് ശേഷം സീരിയലിലൂടെ മലയാളത്തിലേക്ക് സോണിയ തിരിച്ചെത്തിയിരിക്കുകയാണ്.