ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ ഒന്നായിരുന്നു റെയില്‍വെ സ്റ്റേഷനുകളിലെ വൈ ഫൈ സംവിധാനം. എന്നാല്‍ ഇനി മുതല്‍ റെയില്‍വെ സ്റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ ഇല്ല. ഗൂഗിള്‍ സൗജന്യ വൈ ഫൈ സേവനം അവസാനിപ്പിക്കാന്‍ പോവുകയാണ്. ഗൂഗിള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ പറയുന്നത് ഇങ്ങനെയാണ്. ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണ് കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത്. സ്‌റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ സേവനം നല്‍കുന്നത് തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഗൂഗിള്‍ അറിയിച്ചു.
അഞ്ച് വര്‍ഷം മുമ്പാണ് സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്. പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ ലളിതവും വില കുറഞ്ഞതുമായി മാറി. ആഗോളതലത്തില്‍ കണക്ടിവിറ്റി മെച്ചപ്പെടുകയും ആളുകള്‍ക്ക് താങ്ങാവുന്ന വിധത്തിലേക്കും മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയില്‍, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റാ നിരക്കില്‍ 95 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് ട്രായിയുടെ 2019-ലെ റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യന്‍ ഉപയോക്താക്കള്‍ മാസം ശരാശരി 10 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രാദേശിക ഭരണകൂടങ്ങളടക്കം ഗ്രാമീണമേഖലയിലും മറ്റും സൗജന്യ വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് എല്ലാ ആളുകള്‍ക്കും എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനിടയാക്കിയിട്ടുണ്ട്’ ഗൂഗിള്‍ അറിയിച്ചു.