അമ്മയെയും വിദ്യാർത്ഥിയെയും റോഡിലിട്ട് മർദിച്ചു; ​ഗുണ്ടാ നേതാവ് ഒരു മാസത്തിന് ശേഷം പിടിയിൽ

Police
Police

കൊല്ലം: പ്ലസ് ടു വിദ്യാർഥിയെയും അമ്മയെയും നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച പ്രതിയെ ഒരു മാസത്തിന് ശേഷം പിടികൂടി. ചിതറയിൽ ആണ് സംഭവം. ക്രൂരമായ മർ​ദനത്തിന് ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒരു മാസത്തിലേറെ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. വധശ്രമ കേസുകളിലടക്കം പ്രതിയായ കൊട്ടോടി നിസാമിനെയാണ് പൊലീസ് അറസ്റ്റഅ ചെയ്തത്.
കഴിഞ്ഞ മാസം പതിനേഴിനാണ് നാലുമുക്ക് സ്വദേശിയായ പ്ലസ്ടു വിദ്യാർഥിക്ക് നടുറോഡിൽ മർദനമേറ്റത്.

ഗുണ്ടാ നേതാവായ കൊട്ടോടി നിസാമും മറ്റ് രണ്ട് പേരും ചേർന്ന് വിദ്യാർഥിയെ മർദ്ദിക്കുന്നതു കണ്ട് തടസം പിടിക്കാനെത്തിയ കുട്ടിയുടെ അമ്മയെയും അക്രമികൾ മർദ്ദിച്ചു. ഈ സംഭവത്തിനു ശേഷം ഒളിവിൽ പോയ നിസാമിനായി പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. ഒളിവിലായിരുന്ന നിസാം കഴിഞ്ഞ ദിവസം നാട്ടിലെത്തി. ഇക്കാര്യമറിഞ്ഞ പൊലീസ് മഫ്തിയിൽ പിന്തുടർന്നു. തലവരമ്പ് ജംഗ്ഷനിൽ നാട്ടുകാരിൽ ചിലരെ അസഭ്യം പറയുന്നതിനിടെ പൊലീസ് നിസാമിനെ പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിസാമിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തകനെ മർദ്ദിക്കാൻ നിസാമിന്റെ കൂട്ടാളി അമ്പു എന്ന വിഷ്ണുവും ശ്രമിച്ചു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് നിസാമിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Loading...