പ്രമുഖ ഗുണ്ടാ നേതാവ് പല്ലൻ ഷൈജുവിനെ നാട് കടത്തി

കൊടകര : തൃശൂർ റൂറൽ പോലീസ് ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ മധ്യ കേരളത്തിലെ പ്രമുഖ ഗുണ്ടാതലവനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയും, കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനും, പോലീസ് സ്റ്റേഷനിലെ റൗഡിയുമായ നെല്ലായി പന്തല്ലൂർ ദേശത്ത് മച്ചിങ്ങൽ വീട്ടിൽ വർഗീസ് മകൻ ഷൈജു 43 വയസ്സ് @ പല്ലൻ ഷൈജു എന്നയാളെയാണ് 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തൃശ്ശൂർ ജില്ലയിലേക്ക് കടക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവായിട്ടുള്ളത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മിസ്സ്. ഐശ്വര്യ ഡോങ്ങ് ഗ്രെ IPS അവർകളുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ തൃശൂർ റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ശ്രീ. എ അക്ബർ IPS അവർകളാണ് മധ്യകേരളത്തിലെ ഗുണ്ടാനേതാവ് എന്ന് വിളിപ്പേരുള്ള ഷൈജുവിനെ നാടുകടത്തികൊണ്ട് ഉത്തരവാക്കിയിട്ടുള്ളത്. ഇതുപ്രകാരം ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് വിചാരണ കൂടാതെ മൂന്നു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൊടകര, പുതുക്കാട്, തൃശ്ശൂർ ഈസ്റ്റ്, നെടുപുഴ, എറണാകുളം ജില്ലയിലെ ചെങ്ങമനാട്‌, ‘വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, തിരുനെല്ലി പോലീസ് സ്റ്റേഷനുകളിലും കേരളത്തിനു പുറത്ത് ഗുണ്ടൽപേട്ട് സ്റ്റേഷൻ പരിധിയിലും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിൽ കഞ്ചാവ് കേസുകളും ഉള്ള ഷൈജു തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള പഴയ കൊട്ടേഷൻ ഗുണ്ടാസംഘം നേതാവായിരുന്നു. പിന്നീട് കുഴൽ പണം തട്ടുന്ന സംഘത്തിലെ നേതാവായി തൃശ്ശൂരിൽ നിന്നും കൊടകര പന്തല്ലൂരിലേക്ക് വർഷങ്ങൾക്കുമുമ്പ് താമസം മാറുകയായിരുന്നു. തൃശ്ശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഗുണ്ടകൾക്കെതിരെയും സാമൂഹ്യ വിരുദ്ധർക്കെതിരേയുള്ള ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Loading...