​ഗുണ്ട ആക്രമണം; സംസ്ഥാനത്ത് ഇതുവരെ റെയ്ഡിൽ അറസ്റ്റിലായത് 14,014 ​ഗുണ്ടകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ​ഗുണ്ടാ വിളയാട്ടം തുടരുകയാണ്. ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന സംഭവമായി മാറിയിരിക്കുകയാണ് ഇന്ന് കോട്ടയത്ത് നടന്ന സംഭവം. അതേസമയം തന്നെ സംസ്ഥാന വ്യാപകമായി നടത്തിയ റെയിഡിൽ ഇതുവരെ 14,014 ​ഗുണ്ടകൾ അറസ്റ്റിലായി. ഗുണ്ടാനിയമപ്രകാരം 224 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 16 വരെയുളള കണക്കാണിത്. ഇക്കാലയളവിൽ പോലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 6,305 മൊബൈൽ ഫോണുകൾ പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു.

ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് – 1606 പേർ. ആലപ്പുഴയിൽ 1337 പേരും കൊല്ലം സിറ്റിയിൽ 1152 പേരും കാസർഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ്. 1188 എണ്ണം. ഗുണ്ടകൾക്കെതിരെ നടത്തി വരുന്ന റെയ്ഡുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി.

Loading...