ചെന്നൈ; സാമ്പത്തിക പ്രതിസന്ധി മൂലം ആടു മോഷണം പതിവാക്കിയ രണ്ട് യുവ നടന്മാര് അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ നിരഞ്ജന്‍കുമാര്‍, ലെനിന്കുമാര് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇരുവരുടെയും അച്ഛന് തുടങ്ങിയ ഫീച്ചര്‍ ഫിലിം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് അച്ഛനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ആട് മോഷണം നടത്തിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇവരുടെ തൊഴില്‍ ആട് മോഷണമായിരുന്നു.
കുറേ ആടുകളില്‍ ഒരെണ്ണം കാണാതായാല്‍ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല എന്നതിനാലാണ് ഇവര്‍ ഈ രീതി തെരഞ്ഞെടുത്തത്. എന്നാല്‍ ഒക്ടോബര്‍ ഒമ്പതിന് മാധവറാമില്‍ വെച്ച് പളനി എന്നയാളുടെ ആടിനെ മോഷ്ടിച്ചതാണ് ഇവരുടെ പദ്ധതി പൊളിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പളനിക്ക് ആറ് ആടുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരെണ്ണത്തെ കാണാതായത് ഉടമ ശ്രദ്ധിച്ചു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.തുടര്‍ന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനത്തിലെത്തി ആടുകളെ മോഷ്ടിക്കുന്ന സഹോദരന്മാരെ കണ്ടെത്തുന്നത്. കഴിഞ്ഞദിവസം ഇവര്‍ വീണ്ടും ആടിനെ മോഷ്ടിക്കാനെത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.