ഗൗരിയമ്മയെ പാർട്ടി പുറത്താക്കിയിട്ട് ഇന്നേക്ക് 25 വർഷം… എന്നിട്ടും വനിതാ മതിലിന് അണിചേരാൻ എത്തി

ആലപ്പുഴ: 25 വര്‍ഷം മുമ്പ് അച്ചടക്ക നടപടിയുടെ ഭാഗമായി തന്നെ പുറത്താക്കിയ പാര്‍ട്ടി മുന്‍കൈയടുത്ത് നടത്തുന്ന വനിതാമതിലിന് ഐക്യദാര്‍ഢ്യവുമായി കെ.ആര്‍ ഗൗരിയമ്മ. ആലപ്പുഴയില്‍ വനിതാ മതിലില്‍ അണിചേരാന്‍ എത്തിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവര്‍ മതിലിന്റെ ഭാഗമായില്ല. പക്ഷേ മന്ത്രി ജി.സുധാകരനെ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. 1994 ജനുവരി ഒന്നിനാണ് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്.

പുറത്താക്കിയതിന് ശേഷം രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യമായി 2015 ലായിരുന്നു ഗൗരിയമ്മ എ.കെ.ജി സെന്ററിന്റെ പടികള്‍ ചവിട്ടിയത്.

Loading...

ഗൗരിയമ്മയെ പുറത്താക്കാനുള്ള തീരുമാനത്തിനൊപ്പമുണ്ടായിരുന്നു അന്നത്തെ യുവനേതാവായ ജി സുധാകരന്‍ ഇന്ന് മന്ത്രിയായിരിക്കെയാണ് ഗൗരിയമ്മയെ മതിലിന്റെ ഭാഗമാകാന്‍ ക്ഷണിച്ചത്. ഇന്ന് അതേ സുധാകരനൊപ്പം ആലപ്പുഴയില്‍ ഗൗരിയമ്മ വനിതാ മതിലില്‍ സഹകരിക്കുന്നത് ചരിത്രത്തിലെ യാദൃശ്ചികതയായി.

പുറത്താക്കലിന്റെ 25 വര്‍ഷം തികയുന്ന അതേ ജനുവരി ഒന്നിന് തന്നെ സിപിഎം മുന്‍കൈ എടുത്ത് നടത്തിയ ചരിത്രമായ വനിതാ മതിലില്‍ അവര്‍ സഹകരിക്കുന്നത്. 1994 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മാര്‍ച്ച് 14 ന് ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ പുതിയ പാര്‍ട്ടി ഗൗരിയമ്മ രൂപികരിക്കുകയും യുഡിഎഫിന്റെ ഭാഗമാകുകയും ചെയ്തു.

പിന്നീട് 21 വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ നടന്ന കൃഷ്ണപിള്ള ദിനത്തില്‍ ഗൗരിയമ്മ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുന്നത് സംബന്ധിച്ച പ്രസ്താവനകളുണ്ടായി. സിപിഎമ്മുമായും ഇടതുപക്ഷവുമായും സഹകരിച്ചുവെങ്കിലും ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് തിരികെ എത്തിയിട്ടില്ല.