തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് ഉത്തരവ്. യൂട്യൂബ് ചാനൽ ആരംഭിക്കാൻ അനുമതി തേടി ഒരു അഗ്‌നിരക്ഷ സേനാംഗം അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് ആഭ്യന്തര വകുപ്പിന്റ ഉത്തരവ് ഇറക്കിയത്. ചാനലിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നിശ്ചിത എണ്ണത്തിൽ കൂടുതൽ സബ്‌സ്‌ക്രൈബേസ് ഉണ്ടായാൽ കൃത്യമായ വരുമാനം ലഭിക്കുന്ന സ്രോതസ്സാണ് യൂട്യൂബ്. 1960 ലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി യൂട്യൂബ് ചാനലിനെ പരിഗണിക്കുമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ ഇന്റർനെറ്റിലോ സമൂഹ മാദ്ധ്യമങ്ങളിലോ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണം ബാധകമല്ലയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അഡീണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. നിരവധി സർക്കാർ ജീവനക്കാർക്കാണ് സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ളത്. യൂട്യൂബ് വീഡിയോകൾ സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചുള്ളതാണെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.