സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ചയും അവധിയാക്കണമെന്ന് വി.എസ്… പ്രവൃത്തിദിനം അഞ്ച് മതിയെന്ന് ശിപാര്‍ശ

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കി കുറയ്ക്കാന്‍ വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കരണ കമ്മിഷന്‍ നിര്‍ദേശം. സര്‍വീസില്‍ നിന്നും വിരമിക്കുന്നതിനുള്ള പ്രായപരിധി ഘട്ടംഘട്ടമായി 60 ആക്കി ഉയര്‍ത്തണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്തു.

ജീവനക്കാരുടെ പ്രവൃത്തി ദിനം കുറയ്ക്കുന്നതോടെ അവരുടെ മാനസിക സമ്മര്‍ദ്ദം കുറയുന്നതുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കമ്മിഷന്‍ സമര്‍പ്പിച്ചു. പൊതു അവധികളും കാഷ്വല്‍ ലീവുകളും കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Loading...

അതേസമയം, കമ്മിഷന്റെ ശിപാര്‍ശകള്‍ പരിഗണിക്കണോ വേണ്ടയോ എന്നതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കുന്നത്. പ്രവൃത്തി സമയം 10 മുതല്‍ 5.30 വരെ ആക്കണം. ഉച്ചഭക്ഷണത്തിന് ഒരു മണിക്കും രണ്ടു മണിക്കും ഇടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് സമയം ക്രമീകരിക്കാനുള്ള സൗകര്യവും റിപ്പോര്‍ട്ടിലുണ്ട്. ജീവനക്കാര്‍ ഓഫീസിലെത്തുന്ന സമയവും തിരികെ പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലുള്ള 20 കാഷ്വല്‍ ലീവുകള്‍ പന്ത്രണ്ടാക്കി കുറയ്ക്കണം, മറ്റ് അവധികളെ പൊതു അവധികള്‍, പ്രത്യേക അവധികള്‍, നിയന്ത്രിത അവധികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കുക.

പൊതു അവധികള്‍ ഒമ്പത് എണ്ണം…: സ്വാതന്ത്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം(രണ്ടുദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി.

പ്രത്യേക അവധികളില്‍ ഒരാള്‍ക്ക് എട്ടെണ്ണം മാത്രമെ എടുക്കാന്‍ സാധിക്കൂ. അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇത് നിര്‍ണ്ണയിക്കും.

നിയന്ത്രിത അവധികളില്‍ മാറ്റമില്ല. 2019-ല്‍ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളുമൊഴികെ 27 ദിവസം ഓഫീസുകള്‍ക്ക് അവധി

ഓഫീസുകള്‍ ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂളുകള്‍ തുറക്കണം. പ്രത്യേകസമയം നിര്‍ദ്ദേശിച്ചില്ലെങ്കിലും എട്ടുമണിക്കെങ്കിലും സ്‌കൂള്‍ തുറക്കണമെന്നാണ് ശുപാര്‍ശ.

പി എസ് സി പരീക്ഷയില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി 40 ല്‍ നിന്ന് 32 ആക്കണം. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 ല്‍ നിന്ന് 19 ആക്കി ഉയര്‍ത്തണം

പട്ടികജാതി/ പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗക്കാരുടെ പ്രായപരിധി ഇതനുസരിച്ച് ക്രമീകരിക്കണം.

പരീക്ഷ എഴുതുന്നതിനുള്ള അവസരം പൊതുവിഭാഗത്തിന് നാലുതവണയായും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അഞ്ചുതവണയായും പരിമിതപ്പെടുത്തണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ല എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.