ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും സുരക്ഷാ മുന്നറിയിപ്പ്. നുഴഞ്ഞു കയറ്റ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് സര്‍ക്കാരിന് കൈമാറുകയായിരുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സിന്റെ യോഗത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയത്. ഭീകരരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിക്കാനുള്ള ശ്രമമാണ് ഉണ്ടാവുക. പരിശീലനം ലഭിച്ച ഭീകരരെയായിരിക്കും ഇന്ത്യയിലെത്തിക്കുക. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമാണിത്.
ജമ്മു കശ്മീരിനു പുറമേ പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലൂടെയും നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.മൾട്ടി ഏജൻസി സെന്ററിന്റെ (എംഎസി) കണക്കു പ്രകാരം താഴ്‍വരയില്‍ നിലവിൽ 350 മുതൽ 400 വരെ ഭീകരരാണുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ കശ്മീരിൽനിന്നു സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കാന്‍ സാധിക്കാനാകില്ലെന്ന നിലപാടിലാണു കേന്ദ്രം.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ പൊലീസിനും സൈന്യത്തിനു പുറമേ 850 കമ്പനി അർധസൈനികരെയാണ് കശ്മീരിൽ വിന്യസിച്ചിരുന്നത്. ഇതിൽ 100 കമ്പനി പേരെ പിന്നീടു പിൻവലിച്ചു. വരുന്ന വേനൽക്കാലത്ത് കുറഞ്ഞത് 700 കമ്പനി അർധസൈനികരെ വരെ ജമ്മു കശ്മീരിൽ നിലനിർത്തും. സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന വിഘടനവാദസംഘങ്ങൾ വീണ്ടും സംഘടിക്കാൻ സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. നുഴഞ്ഞുകയറ്റ സാധ്യതയുള്ള പാക്ക് അതിര്‍ത്തി പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ വേലികൾ സ്ഥാപിക്കും.
തുരുമ്പെടുക്കാത്തതും, മുറിച്ചുമാറ്റാൻ പറ്റാത്തതും മറികടക്കാനാകാത്തുമാകും ഇവ. പഞ്ചാബിലെ അമൃത്‌സറിനു സമീപം 60 കിലോമീറ്റർ നീളത്തിൽ സുരക്ഷാ വേലികളുടെ നിർമാണം നടക്കുന്നുണ്ട്. അസമിലെ ബംഗ്ലദേശ് അതിർത്തിയിലും 7 കിലോമീറ്റർ നീളത്തിൽ വേലി ഉണ്ടാക്കിയിട്ടുണ്ട്. കിലോമീറ്ററിന് 2 കോടി രൂപയാണ് ഇത്തരം വേലികളുടെ നിർമാണചെലവ്.