വിടാതെ ഗവര്‍ണര്‍ ;സുപ്രീംകോടതിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി

തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം ആരാഞ്ഞത്. സുപ്രീംകോടതിയെ സമീപിക്കാനിടയായ സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. സർക്കാർ ഉടൻ കത്തിന് മറുപടി നൽകും.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച വരെ സര്‍ക്കാരിന് ഇതുസംബന്ധിച്ച കത്ത് ലഭിച്ചിരുന്നില്ല.എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും സർക്കാരിനോട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

Loading...

സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍നിന്ന് ആരും രാജ്ഭവന് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് ഇത് അറിയിക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചിക്കുന്നു. ഏറ്റവും വേഗത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.അതിനിടെ, സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്നായിരുന്നു മന്ത്രി എ.കെ.ബാലന്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

അതേസമയം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തന്നെയാണ് ഭരണ നിർവഹണത്തിൽ അധികാരമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നലെ പ്രസ്താവിച്ചു. ഭരണത്തലവൻ താനാണെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെ തള്ളിപ്പറയുകയാണ്

അദ്ദേഹം. സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. സർക്കാരിന്റെ നയം തന്നെയാണ് നയപ്രഖ്യാപനത്തിൽ ഗവർണർ നിർവഹിക്കേണ്ടതെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു.

പ്രധാനമന്ത്രിക്ക് മുകളിൽ ഒരിക്കലും പ്രസിഡന്റ് വരാറില്ല. അധികാര പരിധി ഭരണഘടന വിഭാവനം ചെയ്യുന്നതാണെന്ന് എല്ലാവരും ഓർക്കണം. ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറാണ് അധികാരകേന്ദ്രം.രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടായാൽ അത് പ്രതിസന്ധിക്ക് കാരണമാകുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ഭരണഘടനയനുസരിച്ചാണെന്നും വിശദീകരണം തേടിയാല്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും നിയമമന്ത്രി എ.കെ. ബാലന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ തോന്നുന്നുവെങ്കില്‍ വിഷമമുണ്ടെന്നും എ.കെ.ബാലന്‍ പറ‍ഞ്ഞു.

പദവിയുടെ വലുപ്പം തിരിച്ചറിയാതെ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസ്താവന നടത്തുവെന്ന സി.പി.എം മുഖപത്രത്തിലെ വിമര്‍ശനത്തിനു പിന്നാലെയാണ് നിയമമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം.ഗവര്‍ണ്ണറുടെ വിമര്‍ശനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍ ഇന്നലെ കോഴിക്കോട് പറഞ്ഞിരുന്നു.