സ്വപ്‍ന സുരേഷുമൊന്നിച്ചുള്ള മുഖ്യമന്ത്രിയുടെ ചിത്രം ട്വീറ്റ് ചെയ്ത് ഗവർണ്ണര്‍; 30 മിനുറ്റിനുള്ളില്‍ പിന്‍വലിച്ചു: ചിത്രം മാറിപ്പോയെന്ന് രാജ്ഭവന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്‌നോളേജ് സീരീസില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റിൽ ആണ് ചിത്രമുള്ളത്. എന്നാല്‍ 30 മിനിറ്റിനുള്ളില്‍ ചിത്രം പിന്‍വലിച്ചു. ചിത്രം പിന്‍വലിച്ച ശേഷം മാറിപ്പോയതാണെന്നാണ് രാജ്ഭവന്‍ നല്‍കിയ വിശദീകരണം. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്.

ഇതിനിടെ സ്വപ്‌ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ഒരു മണിക്കൂറോളമായി കസ്റ്റംസിന്റെ നേതൃത്വത്തില്‍ റെയ്ഡ് തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല. സ്വപ്ന സുരേഷ് നേരത്തെ താമസിച്ചിരുന്ന മുടവൻ മുകളിലെ അപാർട്മെന്റിൽ ഐ.ടി സെക്രട്ടറി ശിവശങ്കരൻ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നാണ് അയൽവാസികൾ ആരോപിക്കുന്നത്.

Loading...

അതേസമയം സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എങ്ങനെയെങ്കിലും പെടുത്താന്‍ പറ്റുമോ എന്ന് ചിലര്‍ ആലോചിക്കുന്നു. സ്വപ്ന സുരേഷിന്‍റെ നിയമനം താന്‍ അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരും രക്ഷപ്പെടില്ല, അത്തരം ആളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം, ആവശ്യമായ ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോവുകയാണ്, അന്വേഷണ ഏജന്‍സിയോട് സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.