അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍; സര്‍ക്കാര്‍ വിശദീകരണം നല്‍കിയതായി സൂചന

തിരുവനന്തപുരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനം സര്‍ക്കാരും തമ്മില്‍ ശക്തമായ തര്‍ക്കം നിലനില്‍ക്കെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ബില്ലുകളുമായി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയതായിട്ടാണ് സൂചന. എന്നാല്‍ ലോകായുക്ത, സര്‍വകലാശാലാ നിയമഭേതഗതി ഒഴികെയുള്ള ബില്ലുകളോട് വിയോജിപ്പില്ലെങ്കിലും മന്ത്രിമാരോ സെക്രട്ടറിമാരോ വിശദീകരിച്ചാല്‍ മാത്രമെ ബില്ലില്‍ ഒപ്പ് വയ്ക്കുഎന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം വിവാദമായ സര്‍വകലാശാല, ലോകായുക്ത നിയമ ഭേദഗതികളില്‍ ഒപ്പുവെയ്ക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ നിയമസഭ സമ്മേളനം 12 ബില്ലുകളാണ് പാസാക്കിയത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമം പിഎസ് സിക്ക് വിട്ട നിയമം റദ്ദാക്കിയതിന് ഗവര്‍ണര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ബാക്കിയുള്‌ല 11 എണ്ണത്തില്‍ അഞ്ചെണ്ണത്തിനാണ് ഗവര്‍ണര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയത്.

Loading...

അതേസമയം സര്‍ക്കാരും ഗവര്‍ണറു തമ്മിലുളള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദില്ലിയിലേക്ക് പോകും. ഇന്ന് ദില്ലിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല എന്നാണ് സൂചന. ഇതിനിടെ, കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും രംഗത്തെത്തിയിരുന്നു.

നിലപാട് വിറ്റ് ബി ജെ പിയില്‍ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നായിരുന്നു ദേശാഭിമാനി ലേഖനം. പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിന്‍ ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുന്നത്. ദേശാഭിമാനിയിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.