സംസ്ഥാനത്ത് വീണ്ടും സമൂഹ അടുക്കള തുറക്കും; കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൂടപതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് സംസ്ഥാനം. അതേസമയം നിലവിൽ അഞ്ച് ജില്ലകൾ സി കാറ്റ​ഗറിയിൽ ഉൾപ്പെട്ടിട്ടുമുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഇടപെടൽ ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശിച്ചു. മുഖ്യമന്ത്രി വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനങ്ങൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കുന്നു എന്നുറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് ആഴ്ചയിൽ ഒരുദിവസം മോണിറ്ററിംഗ് നടത്തണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള എക്‌സ്‌ഗ്രേഷ്യ ധനസഹായം അർഹതപ്പെട്ടവർക്കെല്ലാം ലഭ്യമാക്കുന്നതിന് ജനപ്രതിനിധികൾ മുൻകൈയെടുക്കണം. ഇനിയും അപേക്ഷകൾ നൽകാത്തവരുടെ അപേക്ഷകൾ ശേഖരിച്ച് അനന്തര നടപടിക്രമങ്ങൾക്കായി സമർപ്പിക്കുകയും അവയിൽ തുടർ ഇടപെടലുകൾ നടത്തുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.

Loading...

മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർറൂമും റാപ്പിഡ് റെൺസ്‌പോൺസ് ടീമുകളേയും പുനസംഘടിപ്പിച്ചിട്ടുണ്ട്. അവ ഇതുവരെ സജ്ജമാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വാർഡുതല ജാഗ്രതാ സമിതികളുടെ യോഗങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചേരണം. സി കാറ്റഗറി ജില്ലകളിൽ വാർഡുതല ജാഗ്രതാ സമിതികൾ ആഴ്ചയിൽ രണ്ട് തവണയെങ്കിലും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു.

സി എഫ് എൽ ടി സി, ഡി ഡി സികൾ നടത്തുന്നതിനുള്ള സംവിധാനങ്ങൾ മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏർപ്പാടാക്കിയിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഏർപ്പാടാക്കണം. ഇത്തരം സംവിധാനങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങിപ്പോകരുത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഡുതല ജാഗ്രത സമിതികൾ മുഖേന സി എഫ് എൽ സി ടി സൗകര്യങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് നേരത്തെ ഉണ്ടായിരുന്ന കമ്മ്യൂണിറ്റി കിച്ചനുകൾ കോവിഡ് രൂക്ഷത കുറഞ്ഞ കാലയളവിൽ നിർത്തലാക്കിയിരുന്നു. ഇപ്പോഴത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കമ്മ്യൂണിറ്റി കിച്ചനോ, ജനകീയ ഹോട്ടലുകളോ മുഖേന രോഗികൾക്ക് ഭക്ഷണം എത്തിക്കാനുള്ള ഫലപ്രദമായ ഇടപെടൽ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിചേർത്തു.