കോഴിക്കോട്: ഏറെ കോളിളക്കം ഉണ്ടാക്കിയ കൂടത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കെജി സെമണിനെതിരെ പരാതിയുമായി കോഴിക്കോട് ജില്ലയിലെ സർക്കാർ അഭിഭാഷകർ രംഗത്ത്. വിചാരണ തുടങ്ങാനിരിക്കുന്ന കേസിന്മേൽ അട്ടിമറി ആരോപണം ഉന്നയിച്ച് സർക്കാർ അഭിഭാഷകരടക്കമുള്ളവർ യോഗം ചേർന്നുവെന്ന പൊലീസ് റിപ്പോർട്ടാണ് പരാതിക്ക് ആധാരം. അഭിഭാഷകർ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചു. വിചാരണ വേളയിൽ കേസ് അട്ടിമറിക്കാനായി നീക്കം തുടങ്ങിയെന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും ഇതു തയ്യാറാക്കിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ കെജി സൈമണെതിരെ നടപടി വേണമെന്നുമാണഅ അഭിഭാഷകർ പരാതിയിൽ ആവശ്യപ്പെടുന്നത്.
കോഴിക്കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ പിഎൻ ജയകുമാർ ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ 11 കോടതികളിലേയും സർക്കാർ അഭിഭാഷകരാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. അന്വേഷണത്തിലെ വീഴ്ച്ച മറച്ചുവെക്കാനുള്ള ശ്രമമാണ് റിപ്പോർട്ടിന് പിന്നിലെന്നും അഭിഭാഷകർ ആരോപിക്കുന്നു. സൈമണിനെതിരെ വകുപ്പുതല അന്വേഷണമാണ് പ്രോസിക്യൂട്ടർമാരും പ്ലീഡർമാരുമടക്കമുള്ള അഭിഭാഷകരും ആവശ്യപ്പെടുന്നത്. കൂടത്തായി കേസിൽ കോഴിക്കോട് ഡിസ്ട്രിക് ആൻറ് സെഷൻസ് കോടതി പ്രാഥമിക ഘട്ടം പൂർത്തിയാക്കി അടുത്തയാഴ്ച്ച വിചാരണ തുടങ്ങാനിരിക്കെയാണ് സർക്കാർ അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള ഈ തർക്കം.
കൊല്ലപ്പെട്ട റോയ് തോമസിൻറെ ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ തയാറെടുക്കുന്നുവെന്ന പ്രചരണത്തിനു പിന്നിൽ ജില്ലയിലെ അഭിഭാഷകരാണെന്നായിരുന്നു കെജി സൈമണിൻറെ റിപ്പോർട്ട്. കോഴിക്കോട് ബാറിലെ അഭിഭാഷകരിൽ ചിലരെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയാതാണ് ഇതിനു പിന്നിലെന്നും കേസ് അട്ടിമറിക്കാനായി സർക്കാർ അഭിഭാഷകരടക്കം പ്രത്യേക യോഗം ചേർന്നിരുന്നുവെന്നും കെജി സൈമൺ രണ്ടാഴ്ച്ചമുമ്പ് സർക്കാറിന് റിപ്പോര്ട്ട് നല‍്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോഴത്തെ പരാതി. തൃശൂർ ബാറിലെ അഭിഭാഷകൻ എൻകെ ഉണ്ണികൃഷ്ണനാണ് കൂടത്തായി കേസുകളിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ.