ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ക്ക് മികച്ച സുരക്ഷയും വേതനവും ഉറപ്പാക്കാന്‍ ഭരണകൂടം പദ്ധതിയിടുന്നു. ഖത്തറിലെ തൊഴിലാളിക്ഷേമ വകുപ്പിലെ ജീവനക്കാര്‍ക്ക് അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ (ഐ.എല്‍.ഒ.) സഹായത്തോടെ പരിശീലനം നല്‍കാനാണ് ഗവണ്മെന്റ് പദ്ധതിയിടുന്നത്. ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ സലേഹ് മുബാറക് അല്‍ ഖുലൈഫിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തൊഴിലിടങ്ങള്‍ പരിശോധിക്കുന്നതിന് ലോക നിലവാരത്തിലുള്ള പരിശോധകരെ വളര്‍ത്തിയെടുക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമായി തീര്‍ന്നിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് രാജ്യത്തുടനീളം തൊഴിലാളി സൗഹൃദകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദോഹയ്ക്ക് പുറത്തുള്ള തൊഴില്‍ പ്രശ്നങ്ങളില്‍ അത് വഴി വകുപ്പിന് ഇടപെടാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് പരാതിയുണ്ടെങ്കിലും അത്തരം കേന്ദ്രങ്ങളെ സമീപിക്കാന്‍ തൊഴിലാളികള്‍ മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതിപ്പെടാന്‍ ഹോട്ട്ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ശമ്പളം ഓണ്‍ലൈനായി നല്‍കണമെന്ന നിര്‍ദേശം നടപ്പാകുന്നതോടെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
പുറംരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ ‘അതിഥികള്‍’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. അവര്‍ ശമ്പളത്തിന്റെ എണ്‍പത് ശതമാനവും സ്വന്തം നാട്ടിലേക്ക് അയയ്ക്കുകയാണ്. എങ്കിലും ഖത്തറിന്റെ പുരോഗതി ലക്ഷ്യമിട്ട് കഠിനപ്രയത്നം ചെയ്യുന്ന അവര്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ താമസസ്ഥലം ഒരുക്കുമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി. ദാര്‍ അല്‍ ഷറക് സംഘടിപ്പിച്ച തൊഴിലാളി അവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.