ഭൂമി രജിസ്‌ട്രേഷന്‍ തടസപ്പെട്ടു;നടപടിയെടുക്കാതെ സര്‍ക്കാര്‍

സംസ്ഥാനത്ത് സെര്‍വര്‍ തകരാര്‍ മൂലം ഭൂമി രജിസ്‌ട്രേഷന്‍ തടസം നേരിട്ടതിന് പരിഹാരം കാണാന്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍.മൂന്നു ജില്ലകള്‍ക്ക് ഒരു മണിക്കൂര്‍ വീതം രജിസ്ട്രേഷനുള്ള സൗകര്യം നല്‍കിക്കൊണ്ട് ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനവും പരാജയപ്പെട്ടു. ഇതോടെ കഴിഞ്ഞ നാലു ദിവസമായി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍.

രജിസ്ട്രേഷന്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തിലെ സെര്‍വര്‍ തകരാറിലായതാണ് ഭൂമി രജിസ്‌ട്രേഷന് തടസം നേരിടാനുള്ള കാരണം. കഴിഞ്ഞ നാലു ദിവസമായി സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. അതേസമയം, ആധാരത്തിന്റെ പകര്‍പ്പ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും മുടങ്ങി. ഭൂമി രജിസ്ട്രേഷനായി ജനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.

Loading...

സബ് രജിസ്ട്രാര്‍ ഓഫീസിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയ ശേഷം പലപ്പോഴും സെര്‍വര്‍ തകരാറിലായിരുന്നു. ഇതു പരിഹരിക്കാനായി മൂന്നു ജില്ലകള്‍ക്ക് ഒരു മണിക്കൂര്‍ വീതം വെബ്‌സൈറ്റ് തുറന്നിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകള്‍ക്കാണ് ആദ്യ അവസരം നല്‍കിയത്. പിന്നീട് എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്ക് നല്‍കി. എന്നാല്‍ ഇതും പ്രയോജനമുണ്ടാക്കിയില്ല. ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ബാധ്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സെര്‍വര്‍ തകരാര്‍ ഇന്നും തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതിസന്ധിയിലാകും.

ഭൂമി രജിസ്‌ട്രേഷന് പുറമെ ആധാരങ്ങളുടെ പകര്‍പ്പ് എടുക്കലുള്‍പ്പെടെ എല്ലാ സേവനങ്ങളും സ്തംഭിച്ചു. ഭൂമി രജിസ്‌ട്രേഷനായി ജനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. സെര്‍വര്‍ തകരാണ് കാരണമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതു പരിഹരിക്കാനുള്ള നടപടിയുണ്ടായിട്ടില്ല.