വീട്ടമ്മയുടെ മാല പൊട്ടിച്ച് അമിത വേഗതയില്‍ കാറില്‍ പാഞ്ഞു; ഒടുവില്‍ പോലീസ് സാഹസികമായി പിടികൂടിയ പ്രതിയെ കണ്ട് ഏവരും ഞെട്ടി

പൊന്‍കുന്നം: ഇന്നത്തെ കാലത്ത് ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ സാധിക്കില്ല. സ്വന്തം എന്ന് നമ്മള്‍ കരുതുന്ന പലരും ഒരു അവസരം ലഭിച്ചാല്‍ നമ്മളെ തന്നെ ഏതെങ്കിലും വിധത്തില്‍ ദ്രോഹിച്ചേക്കാം. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ടാണ് പുറത്തെത്തുന്നത്. പൊന്‍കുന്നം ഉരുളിക്കുന്നത്താണ് സംഭവം ഉണ്ടായത്. വീട്ടമ്മയുടെ സ്വര്‍ണ മാല പൊട്ടിച്ച് കാറില്‍ രക്ഷപ്പെട്ട ആളെ പിടികൂടിയപ്പോള്‍ ആണ് ഏവരും ഞെട്ടിയത്. വീട്ടമ്മയുടെ കൊച്ചുമകന്‍ തന്നെയായിരുന്നു മാല പൊട്ടിച്ച് കടന്ന് കളയാന്‍ ശ്രമിച്ചത്.

വീട്ടമ്മയുടെ മാല പൊട്ടിച്ചതിന് കൊച്ചു മകന്‍ വാടക കാറുമായി പിടിയില്‍ ആയപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന കൂട്ടു പ്രതി രക്ഷപ്പെട്ടിരുന്നു. പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പില്‍ സച്ചിന്‍ സാബു എന്ന 23കാരനാണ് പിടിയില്‍ ആയത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം ഉണ്ടായത്. കുരുവിക്കൂട് കുറ്റിപ്പൂവം റോഡിലെ വീട്ടുമുറ്റത്തു നില്‍ക്കുക ആയിരുന്ന ഈരയില്‍ മേരിയുടെ സ്വര്‍ണ മാലയാണ് ഇവരുടെ കൊച്ചുമകനും കൂട്ടാളിയും മോഷ്ടിക്കാന്‍ ശ്രമിച്ചത്. മൂന്ന് പവന്റെ മാലയാണ് ലക്ഷ്യം വെച്ചത്. വീടിനടുത്ത് കാര്‍ നിര്‍ത്തിയ ശേഷം ഒരാള്‍ ഇറങ്ങി വന്ന ടി വി നന്നാക്കാന്‍ വന്നതാണെന്ന് പറയുകയും വീടിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സച്ചിന്‍ മേരിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് കാറിലേക്ക് പാഞ്ഞ് കയറി.

Loading...

മുടി വെട്ടി രൂപ മാറ്റം വരുത്തി എത്തിയതിനാല്‍ സച്ചിനെ മേരി തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് മേരിയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടി കൂടുകയും കാര്‍ തടയാന്‍ ശ്രമിക്കുകയും ചെയയ്തു. എന്നാല്‍ നാട്ടുകാരെ വെട്ടിച്ച് മാറ്റി കാറുമായി സച്ചിനും കൂട്ടാളിയും കടന്നു കളഞ്ഞു. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. ഒപ്പം കാറിന്റെ നമ്പറും കൈമാറി. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറിന്റെ നമ്പര്‍ സഹിതം സോഷ്യല്‍ മീഡിയകളിലും വാര്‍ത്ത പ്രചരിച്ചു. ഇതോടെ കാര്‍ വാടകയ്ക്ക് നല്‍കിയ കുര്യനാട് സ്വദേശി പരാതിയുമായി കുറവിലങ്ങാട് പോലീസിനെ സമീപിച്ചു.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍# കാര്‍ കണ്ടെത്തുക ആയിരുന്നു. എട്ട് കിലോ മീറ്ററുകളോളം പോലീസ് കാറിനെ പിന്തുടര്‍ന്നു. അമിത വേഗതയില്‍ പോയ കാറിനെ കുറുപ്പന്തറ റെയില്‍ വേ ഗേറ്റില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. സച്ചിനെ ഇവിടെ വെച്ച് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഒപ്പം ഉണ്ടായിരുന്ന രാമപുരം സ്വദേശി കടന്നു കളയുകയായിരുന്നു. സച്ചിനില്‍ നിന്നും മാല കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.

മാല കൈക്കലാക്കി മണിക്കൂറുകള്‍ക്കകം ഇവര്‍ കോട്ടയത്ത് ഒരു സ്വര്‍ണക്കടയില്‍ വിറ്റതായാണ് പൊലീസ് നല്‍കുന്ന സൂചന. ഇതിനു സഹായിച്ച ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണു വിവരം. എസ് ഐ രാജുവിന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി മാല മോഷണക്കേസില്‍ നടപടി സ്വീകരിച്ചു.