സ്ത്രീധനബാക്കിയായ 10000 കിട്ടിയില്ല: യുവാവ് വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു

ബിഹാര്‍: സ്ത്രീധനത്തിലെ ബാക്കി തുകയായ 10000 രൂപ കിട്ടിയില്ല. വധുവിനെ വീട്ടില്‍ കയറ്റാന്‍ തയാറാകാതെ രോഷംപൂണ്ട് വരന്‍ വധുവിനെ വഴിയില്‍ ഉപേക്ഷിച്ചു.
വരന്റെ കുടുംബം ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപയില്‍ 1.40 ലക്ഷം രൂപയും ആഭരണങ്ങളും വധു കൗസല്യയുടെ കുടുംബത്തിനു സംഘടിപ്പിക്കാനായി. ബാക്കി 10,000 രൂപയ്ക്ക് അവര്‍ സാവകാശം തേടിയിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചുനല്‍കാന്‍ വരനും കൂട്ടരും തയാറായില്ല.
തിങ്കള് രാത്രിയായിരുന്നു മലയ്പുര്‍ ഗ്രാമത്തിലെ വിധവയായ ഫൂലോ ദേവിയുടെ മകള്‍ കൗസല്യയും നാഗ്പുര്‍ ഗ്രാമത്തിലെ അമാന്‍ ചൗധരിയുമായുള്ള വിവാഹം. പിറ്റേന്നു രാവിലെ സ്വന്തം ഗ്രാമത്തിലേക്കു പോകുന്നതിനു മുന്നോടിയായി സ്ത്രീധനത്തിന്റെ ബാക്കി തുക അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ കുറച്ചുകൂടി സാവകാശം വേണമെന്ന് ദേവിയും ഗ്രാമീണരും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വധുവിനെയും കൊണ്ട് വരന്റെ വീട്ടുകാര്‍ നാഗ്പൂരിലേക്കു തിരിച്ചത്.
എന്നാല്‍ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചശേഷം അമാന്‍ ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അഞ്ചുമിനിറ്റിനുള്ളില്‍ തിരികെയെത്താം എന്നു പറഞ്ഞ് കൗസല്യയെ അവിടെയിറക്കി. രണ്ടു മണിക്കൂറോളം അമാനെ കാത്തിരുന്നശേഷം കൗസല്യ തിരികെ സ്വന്തം വീട്ടിലേക്ക് പോയി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ബിഹാറില്‍ ഇത് പതിവ് സംഭവമാണ്.