തെളിവ് നശിപ്പിക്കുന്നതും ഉദ്യോഗസ്ഥരെ തടയുന്നതും ക്രിമിനൽ കുറ്റമല്ല; ജിഎസ്ടി നിയമലംഘന ശിക്ഷയിൽ മാറ്റം

ഡൽഹി : ജിഎസ്ടിയുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതടക്കം ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ ശുപാര്‍ശ. രണ്ടു കോടി രൂപവരെയുള്ള നികുതി ലംഘനങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരില്ല. നേരത്തെ ഒരു കോടി രൂപയായിരുന്നു. എന്നാല്‍ വ്യാജ ബില്‍ തയ്യാറാക്കുന്ന കുറ്റത്തിന് ഇളവ് ബാധകമല്ല.

ഇളവ് നല്‍കാന്‍ ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ ചുമതല തടസപ്പെടുത്തുക, വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച സംഭവിക്കുക എന്നിവ കുറ്റകരമല്ലാതാകും. ഇളവുകള്‍ പ്രാബല്യത്തിലാകണമെങ്കില്‍ പാര്‍ലമെന്‍റ് ജിഎസ്ടി നിയമം ഭേദഗതി ചെയ്യുകയും സംസ്ഥാനങ്ങള്‍ ജിഎസ്ടി നിയമത്തില്‍ മാറ്റംവരുത്തുകയും വേണം.

Loading...

പയര്‍വര്‍ഗങ്ങളുടെ തൊലി, കത്തികള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ആയിരുന്നത് പൂര്‍ണമായും ഒഴിവാക്കി.എഥനോള്‍ ബ്ലെന്‍ഡ്‌ ചെയ്യുന്നതിനുള്ള ഈഥൈല്‍ ആല്‍ക്കഹോളിന്റെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കുന്നതിനുമാണ് ഈ തീരുമാനം. 15 അജണ്ടകളാണ് യോഗത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നതെന്നും അതില്‍ എട്ടെണ്ണത്തില്‍ തീരുമാനമായെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.