സംസ്ഥാനത്തെ സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദേശം പുറപ്പെടുവിച്ചു.ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ മുമ്പിലും പുറകിലും വിദ്യാഭ്യാസ സ്ഥാപന വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം എന്നതടക്കമുള്ള നിർദേശങ്ങളാണ് മാർഗനിർദേശത്തിൽ നൽകിയിരിക്കുന്നത്. മറ്റ് വാഹനങ്ങളിൽ സ്കൂൾ ഡ്യൂട്ടി എന്ന് ബോർഡും പ്രദർശിപ്പിക്കണം. അധ്യാപകനോ അനധ്യാപകനോ റൂട്ട് ഓഫിസറായി വാഹനത്തിലുണ്ടാകണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ അറ്റൻഡർമാർ വേണം. സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം.
മറ്റ് മാർഗനിർദേശങ്ങൾ:
സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ കുട്ടികളേ കയറ്റാവൂ. കുട്ടികളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കരുത്. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യാം.
ഡ്രൈവർ വെള്ള ഷർട്ടും കറുപ്പ് പാന്റും തിരിച്ചറിയൽ കാർഡും ധരിക്കണം.
ഡ്രൈവർക്ക് 10 വർഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം. കൂടാതെ ഡ്രൈവർക്ക് അഞ്ച് വർഷമെങ്കിലും വലിയ വാഹനം ഉപയോഗിച്ച് പരിചയം വേണം.
മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ടയാളെ ഒരു കാരണവശാലും സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ ഏൽപ്പിക്കരുത്.
ഡ്രൈവർ മാതൃകാപരമായി വാഹനം ഓടിക്കണം. ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്.
സ്കൂൾ വാഹനം സ്കൂൾ തുറക്കും മുൻപ് അറ്റകുറ്റപണികൾ നടത്തി പരിശോധനയ്ക്ക് വിധേയമാക്കണം.