അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മതില്‍ കെട്ടി മറയ്ക്കുന്നു. ഗുജറാത്തിലെ വിവിധ പ്രദേശങ്ങളാണ് ഇത്തരത്തില്‍ മതില്‍കെട്ടി മറയ്ക്കുന്നത്. ട്രംപിന്റെ വാഹനവ്യൂഹം കടന്ന് പോകുന്ന ഗുജറാത്തിലെ വിവിധ പ്രദേശങ്ങളെല്ലാം മോടി പിടിപ്പിക്കാനുള്ള തത്രപ്പാടിലാണ് മോദി സര്‍ക്കാര്‍.
അഹ്മദാബാദ് വിമാനത്താവളം മുതൽ ഗാന്ധിനഗർ വരെയുള്ള പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ചേരി പ്രദേശങ്ങളാണ് ട്രംപിന്‍റെ കണ്ണിൽ പെടാതിരിക്കാൻ വലിയ മതിലുകൾകെട്ടി മറക്കുന്നത്. അരകിലോ മീറ്റർ ദൂരത്തിൽ മതിൽകെട്ടി മനോഹരമാക്കാനുള്ള തീരുമാനം അഹ്മദാബാദ് മുനിസിപ്പൽ കോർപറേഷനാണ് എടുത്തത്. ചേരിയിൽ താമസിക്കുന്നവരെയോ ദരിദ്രരെന്ന് തോന്നിപ്പിക്കുന്നതോ ആയ പ്രദേശങ്ങൾ ട്രംപിന്‍റെ ശ്രദ്ധയിൽ പെടാത്തിരിക്കാനാണ് പ്രാദേശിക ഭരണകൂടത്തിന്‍റെ ശ്രമമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്‍റെ റോഡ് ഷോ കടന്നു പോകുന്ന സർദാർ വല്ലഭായി പട്ടേൽ രാജ്യാന്തര വിമാനത്താവളവും ഇന്ദിര പാലവും തമ്മിൽ ചേരുന്ന സ്ഥലത്ത് ഏഴടിയോളം ഉയരമുള്ള മതിലാണ് നിർമിക്കുന്നത്. 2500 പേർ താമസിക്കുന്ന ദേവ് ശരൺ/ ശരണ്യവാസ് ചേരി പ്രദേശത്തെ 500ലധികം കുടിലുകൾ ഇത്തരത്തിൽ മറക്കപ്പെടും. കൂടാതെ, ട്രംപിന്‍റെ റോഡ് ഷോ കടന്നു പോകുന്നത് അടക്കം 16 റോഡുകളുടെ നവീകരണവും വഴിവിളക്കുകളുടെ അറ്റകുറ്റപണികളും പൂർത്തിയായി വരുന്നു.
വർഷങ്ങൾക്ക് ശേഷമാണ് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഗുജറാത്തിൽ നടക്കുന്നത്. ട്രംപിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏകദേശം 50 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2014ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും 2017ൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെയും ഭാര്യ അകീ ആബെയും ഗുജറാത്ത് സന്ദർശിപ്പോഴാണ് നവീകരണ പ്രവർത്തനങ്ങൾ അവസാനമായി നടത്തിയത്. ‘ഹൗഡി ട്രംപ്’എന്ന് പേരിട്ട ചടങ്ങിൽ ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഈ മാസം 24ന് അഹ്മദാബാദ് വി മാനത്താവളത്തിൽ വന്നിറങ്ങുന്ന ട്രംപ് അവിടെ നിന്ന് സബർമതി ആശ്രമം വരെ 10 കി.മീ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് റോഡ് ഷോ നടത്തുക. ഗാന്ധിജിയുടെ ആശ്രമം സന്ദർശിച്ച ശേഷം മോെട്ടര മേഖലയിൽ പണിത സർദാർ വല്ലഭായി പട്ടേൽക്രിക്കറ്റ് സ്റ്റേഡിയം മോദിക്കൊപ്പം ഉദ്ഘാടനം ചെയ്യുന്ന ട്രംപ് ജനങ്ങളുമായി സംസാരിക്കും.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദേവ് സരണ്‍ ചേരി പ്രദേശത്തെ ജനസംഖ്യ 2,500ലേറെയാണ്. 500ൽ അധികം വീടുകളും ഇവിടെയുണ്ട്. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സബർമതി റിവർഫ്രണ്ട് സ്ട്രെച്ചിനൊപ്പം വലിയ ഈന്തപ്പനകളും മുനിസിപ്പല്‍ കോര്‍പ്പറേഷൻ നടുന്നുണ്ട്. 2017 ലെ പന്ത്രണ്ടാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലും അതേ വർഷം വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലും പങ്കെടുക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെയും ഭാര്യ അക്കി അബെയുടെയും രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശന സമയത്തും സമാനമായ സൗന്ദര്യവൽക്കരണം നടന്നിരുന്നു. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തന്നെ വരവേൽക്കാൻ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞിരുന്നു. അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുന്നത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം മുതൽ മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയം വരെ റോഡ്ഷോ നടക്കും.