അഹമ്മദാബാദ്: ഗുജറത്തിൽ വീണ്ടും മുഖ്യമന്ത്രിയാകാൻ ഭൂപേന്ദ്ര പട്ടേല്‍. ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപേന്ദ്ര പട്ടേലിനെ നാമനിർദ്ദേശം ചെയ്തു. ബിജെപി എംഎൽഎമാർ ഒരേ സ്വരത്തിൽ നാമനിർദ്ദേശം അംഗീകരിക്കുകയായിരുന്നു. ഘട്ലോദിയ മണ്ഡലത്തിൽ നിന്ന് 1.92 ലക്ഷം വോട്ടുകളുടെ പിന്‍ബലത്തിലാണ് ഭൂപേന്ദ്ര പട്ടേലിന്റെ വിജയം. ഡിസംബർ 12 തിങ്കളാഴ്ച ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്യും
ഇത് രണ്ടാംവട്ടമാണ് അറുപതുകാരനായ പട്ടേല്‍, ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദ്ര പട്ടേല്‍, കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാജിസമര്‍പ്പിച്ചിരുന്നു. ഭൂപേന്ദ്ര പട്ടേലിനെ നിയമസഭാകക്ഷി നേതാവായി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ കേന്ദ്രനിരീക്ഷകരായ രാജ്നാഥ് സിങ്, ബി.എസ്. യെദ്യൂരപ്പ, അര്ജുന് മുണ്ട തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു
182 അംഗ നിയമസഭയില്‍156 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. 2017 ല്‍ 77 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഡിസംബർ 12-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.