ഗുജറാത്തില്‍ 89 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലെത്തും. 2017ല്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയ സൗരാഷ്ട്രയും കച്ചും ദക്ഷിണഗുജറാത്തുമാണ് ഒന്നാംഘട്ടത്തില്‍ വിധിയെഴുതുന്നത്. 140 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബിയിലും നാളെയാണ് വോട്ടെടുപ്പ്. സൗരാഷ്ട്രയില്‍ ഇക്കുറി കോണ്‍ഗ്രസിനും ബിജെപിക്കും ജീവന്മരണ പോരാട്ടമാണ്. 2017ല്‍ സൗരാഷ്ട്ര–കച്ച് മേഖലയില്‍ കോണ്‍ഗ്രസ് 30 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് വിജയിക്കാനായത് 23 ഇടത്ത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് 7,710 കോടിയുടെ വികസന പദ്ധതികളാണ് സൗരാഷ്ട്രക്ക് പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ പാര്ട്ടിപരാജയപ്പെട്ട മേഖലകളിൽ ഇക്കുറി പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തി. സൗരാഷ്ട്രയില്‍ പട്ടേല്‍ പ്രക്ഷേഭമാണ് കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വെല്ലുവിളിയായത്. എന്നാല്‍ പട്ടേല്‍ സമരനേതാവ് ഹാദര്ദിക് പട്ടേലടക്കം ഇക്കുറി ബിെജപിക്കൊപ്പമാണ്.
സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കള്‍ വിമതരായി മല്‍സരിക്കുന്നത് കോൺഗ്രസ് പാര്‍ട്ടിക്ക് പ്രതീക്ഷയേകുന്നു. സൗജന്യ വാഗ്ദാനങ്ങളുമായി ആദിവാസി മേഖലകളിലടക്കം കടന്നുകയറാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ടെലിവിഷന്‍ അവതാരകനുമായ ഇസുദാന്‍ ഗാഡ്വിയുടെ മണ്ഡലമായ കംബാലിയയിലും നാളെ വോട്ടെടുപ്പ് നടക്കും.