ഗള്‍ഫിലെ സമ്പത്ത് കുറയുന്നു; ഇടിവെട്ടേറ്റ് കേരളം

ഗള്‍ഫ് പണം കൊണ്ട് പിടിച്ച് നില്ക്കുന്ന കേരളത്തിനും ലക്ഷകണക്കിനു മലയാളികള്‍ക്കും ആശങ്ക ഉണ്ടാക്കുന്ന റിപോര്‍ട്ട് പുറത്ത്. ഗള്‍ഫിലെ സമ്പത്ത് കുറയുന്നു എന്നും ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി കടുക്കും എന്നും പ്രതിപാതിക്കുന്ന റിപോര്‍ട്ട് വന്നിരിക്കുന്നു. ഐ.എം.എഫ് ആണ് റിപോര്‍ട്ട് പുറത്ത് വിട്ടത് എന്നതിനാല്‍ തന്നെ വിഷയം ഗൗരവവുമാണ്. കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം മേഖല പ്രതിസന്ധിയിലാകുമെന്നാണ് മുന്നറിയിപ്പ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് അന്താരാഷ്ട്ര നാണയ നിധി.

റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ആശങ്കയിലാണ് മലയാളികളും ഒപ്പം സര്‍ക്കാരും. കേരളസമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഗള്‍ഫ്. അറബ് മണ്ണിലുണ്ടാകുന്ന എന്ത് പ്രതിസന്ധിയും കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കും. അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ഗള്‍ഫ് യുദ്ധത്തിലും കുവൈറ്റ് അധിനിവേശത്തിലും അമേരിക്കയുടെ ഇറാഖ് ആക്രമണത്തിലുമൊക്കെ മലയാളികളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത്. അതേ ആശങ്കയാണ് ഇന്ന് ഓരോ പ്രവാസിക്കുള്ളിലും ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ പോലും ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ലക്ഷക്കണക്കിന് മലയാളി പ്രവാസികളാണ് അറബ് മണ്ണില്‍ വിവിധ മേഖലകളിലായി പണിയെടുക്കുന്നത്. മികച്ച തൊഴിലവസരങ്ങള്‍ തേടിയെത്തുന്നവര്‍ക്ക് എല്ലാം നല്‍കിയത് അറബ് മണ്ണാണ്. ഇപ്പോഴും കേരളത്തില്‍ നിന്നുള്‍പ്പെടെ ഗള്‍ഫിലേക്ക് കുത്തൊഴുക്കാണ്. അതുകൊണ്ട് തന്നെ പ്രവാസികളുടെ ആശങ്ക വര്‍ദ്ദിച്ചിരിക്കുകയാണ്.

Loading...

15 വര്‍ഷത്തിനകം രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഇടിവ് പശ്ചിമേഷ്യന്‍ മേഖലയ്ക്കുണ്ടാകുമെന്നാണ് ഐഎംഎഫ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എണ്ണ വരുമാനമാണ് ഗള്‍ഫ് രാജ്യങ്ങളെ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ എണ്ണയുടെ ആവശ്യം അതിവേഗം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. എണ്ണയുടെ ആവശ്യം ഏറ്റവും ഉയര്‍ന്ന അളവിലെത്തുന്ന സമയം വൈകാതെ അവസാനിക്കും. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ആവശ്യത്തില്‍ ഇടിവ് സംഭവിക്കുക. ഇതാണ് എണ്ണ വരുമാനത്തെ ആശ്രയിച്ചുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കാരണം.

എണ്ണവരുമാനം പ്രധാനമായും ആശ്രയിക്കുന്ന ജിസിസി രാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് നേരിടാന്‍ പോകുന്നതെന്ന് ഐഎംഎഫ് പറയുന്നു. ലോകത്തെ എണ്ണ ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്ന് ജിസിസി രാജ്യങ്ങളിലാണ്. എണ്ണയ്ക്കുള്ള ആവശ്യം കുറയുന്നത് സ്വാഭാവികമായും ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനത്തില്‍ കുറവ് വരുത്തും. ശക്തമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് ഐഎംഎഫ് നിര്‍ദേശിക്കുന്നു. ഇല്ല എങ്കില്‍ ഗള്‍ഫ് മേഖല 15 വര്‍ഷം കഴിയുമ്പോള്‍ തകരുന്ന ഘട്ടത്തിലേക്ക് കടക്കും. കടം വാങ്ങി പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യം വന്നേക്കാം. 2034ന് ശേഷമുള്ള മറ്റൊരു പതിറ്റാണ്ടിനിടെ എണ്ണ ഇതര വരുമാനത്തിലും കുറവുണ്ടാകുമെന്നും ഐഎംഎഫ് പറയുന്നു.

ഐഎംഎഫിന്റെ പശ്ചിമേഷ്യ-സെന്‍ട്രല്‍ ഏഷ്യ വിദഗ്ധരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യമാണ്. എണ്ണയുടെ ആവശ്യവും വില്‍പ്പനയും കുറയുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതി ഡയറക്ടര്‍ ജിഹാദ് അസൗര്‍ പറഞ്ഞു. ചില ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇത് വേഗത്തിലാക്കണം. തൊഴില്‍ അവസരങ്ങള്‍ കൂടുതലുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങണം. എണ്ണ ഇതര വരുമാനമാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജിഹാദ് അസൗര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയും യുഎഇയും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. എണ്ണ ഇല്ലെങ്കിലും രാജ്യം മുന്നോട്ടു പോകാനുള്ള വഴികള്‍ അവര്‍ തേടുന്നുണ്ട്. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണവരുമാനം കുറഞ്ഞാല്‍ 2034 ആകുമ്പോഴേക്കും 2 ലക്ഷം കോടി ഡോളറിന്റെ ഇടിവാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് സംഭവിക്കുക. എണ്ണയുടെ ആവശ്യത്തില്‍ വന്‍തോതിലുള്ള ഉയര്‍ച്ച അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നേരിയ ഉയര്‍ച്ച മാത്രമാണുള്ളത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. അധികം വൈകാതെ ഒരുപക്ഷേ എണ്ണയുടെ ആവശ്യം ഇടിയാന്‍ തുടങ്ങിയേക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2041ല്‍ എണ്ണയുടെ ആവശ്യം ഏറ്റവും ഉയര്‍ന്ന അളവിലെത്തും. അന്ന് 115 ദശലക്ഷം ബാരല്‍ എണ്ണ ഓരോ ദിവസവും വേണ്ടിവരും. പിന്നീട് ഉയര്‍ച്ച സംഭവിക്കില്ല. വേഗത്തില്‍ ഇടിയാന്‍ തുടങ്ങുമെന്ന് നിലവിലെ എണ്ണയുടെ ആവശ്യത്തിന്റെ തോത് വിലയിരുത്തി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, 2035ല്‍ എണ്ണയുടെ ആവശ്യം ഏറ്റവും ഉയര്‍ന്ന അളവിലെത്തിയേക്കാമെന്നാണ് സൗദി അരാംകോയുടെ കണക്കുകൂട്ടല്‍. കാര്‍ബണ്‍ നികുതി വിവിധ രാജ്യങ്ങള്‍ ചുമത്തുന്നതാണ് അവര്‍ ഇതിന് കാരണമായി പറയുന്നത്. സൗദി, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ജിസിസിയില്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്.
ജിസിസിയിലെ എല്ലാ രാജ്യങ്ങലും ഒപെകില്‍ അംഗങ്ങളാണ്. എന്നാല്‍ ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ എന്നീ ജിസിസി രാജ്യങ്ങലില്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണ ഉല്‍പ്പാദനം കുറവാണ്. എന്നാല്‍ എല്ലാ രാജ്യങ്ങളും ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ഐഎംഎഫ് ഓര്‍മിപ്പിക്കുന്നു.

ഗള്‍ഫ് മേഖലയിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും കേരളത്തെ അതിരൂക്ഷമായി ബാധിക്കും. രാജ്യത്തെ തന്നെ ബാധിക്കുന്ന ഗുരുതര ശ്‌നം തന്നെയാണിതെങ്കിലും ഏറെ ബാധിക്കുന്നത് മലയാളികളെ തന്നെ. കേരളത്തിലെ ഗ്രാമങ്ങളിലേക്ക് പോലും ഈ പ്രതിസന്ധി അലയടിക്കും. കേരളവും ഗള്‍ഫും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. അറബ് മണ്ണിലെ പണം കൊണ്ട് മാത്രം ജീവിതം മെച്ചപ്പെടുത്തിയ ലക്ഷക്കണക്കിന് മലയാളികളുണ്ട്. പ്രവാസികളുടെ ചങ്കിടിപ്പ് കൂട്ടുകയാണ് ഗള്‍ഫില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി. കടുത്ത നടപടികളിലേക്ക് ഗള്‍ഫ് കടന്നാല്‍ തിരികെ പ്രവാസികളുടെ കുത്തൊഴുക്കായിരിക്കും കേരളത്തിലേക്ക്. ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. പ്രവാസികള്‍ക്ക് തിരികെ വരേണ്ടി വന്നാല്‍ സര്‍ക്കാര്‍ വെട്ടിലാകും. തൊഴിലില്ലായ്മ രൂക്ഷമാകും. അതിനെ നിയന്ത്രിക്കാന്‍ പോലും സര്‍ക്കാരിനാകാത്ത അവസ്ഥയിലേക്ക് കടക്കും. പ്രവാസികളും സംസ്ഥാന സര്‍ക്കാരും ഇടിവെട്ടേറ്റ കണക്ക് നില്‍ക്കുകയാണ്.
————-