കൊവിഡ് പ്രതിസന്ധി കടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ രാജ്യങ്ങളും മേഖലകളും ഇവയാണ്

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രതിസന്ധി മറി കടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങുകയാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സാമ്പത്തിക മേഖലയെ കര കയറ്റാനാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം. ഇതിന്റെ ഭാഗമായി സൗദിഅറേബ്യയും യു എ ഇ യും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സൗദിയിലെ പള്ളികളില്‍ ജുമുഅ, ജമാഅത്ത് നമസ്‌കാരം എന്നിവകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഒപ്പം ഈ മാസം 31 മുതല്‍ ജൂണ്‍ 20 വരെ ജുമുഅ , ജമാഅത്തുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കും.

മുഴുവന്‍ ആരോഗ്യ മാനദണ്ഡങ്ങളും സ്വീകരിച്ച് ഇതിനു അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, മക്കയില്‍ ഒരിടത്തും ജുമുഅക്കും ജമാഅത്തിനും അനുമതിയില്ല. സൗദിയില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണവും മന്ത്രാലയം നീക്കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാം. രാജ്യത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. ദുബായിലെ യാത്രാ നിയന്ത്രണങ്ങളിലും അധികൃതര്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി. നാളെ മുതല്‍ രാവിലെ 6 മണി തൊട്ട് രാത്രി 11 മണിവരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണമില്ല.

Loading...