കൊവിഡ് ലക്ഷണങ്ങള്‍ മറച്ചുവെക്കാന്‍ പാരസെറ്റമോള്‍;ഗള്‍ഫില്‍ നിന്നെത്തുന്നവരുടെ കാര്യത്തില്‍ ആശങ്ക

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ മറച്ചുവെക്കാന്‍ മനപൂര്‍വം ശ്രമിക്കുന്നതായി പരാതി. തെര്‍മല്‍ സ്‌കാനില്‍ നിന്നും ഒഴിവാകാന്‍ പാരസെറ്റമോള്‍ കഴിക്കുകയും മെഡിക്കല്‍ ഹിസ്റ്ററി വെളിപ്പെടുത്തുന്നില്ലെന്നുമാണ് പരാതി.ഇത്തരത്തില്‍ മെഡിക്കല്‍ ഹിസ്റ്ററി വെളിപ്പെടുത്താതിരുന്നതിന് കൊല്ലം സ്വദേശികളായ മൂന്ന് പ്രവാസികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ അബുദാബിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയത്.

അബുദാബിയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ ഇവര്‍ക്ക് രോഗബാധ ഉണ്ടായിരുന്നുവെന്നും അവസാന നിമിഷമാണ് ഇവര്‍ക്ക് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞതെന്നും ഹിന്ദുസ്ഥാന്‍ ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ കയറിയ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇത്തരത്തില്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ഇവര്‍ പാരസെറ്റമോള്‍ പോലുള്ള ഗുളികകള്‍ കഴിക്കുകയും പനി കുറയ്ക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം.

Loading...

തെര്‍മല്‍ സ്‌കാനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്താതിരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഗള്‍ഫില്‍ നിന്നും വരുന്നവര്‍ ചെയ്തത്. ഇത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി നിരവധി ആള്‍ക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്നുണ്ട്. ഇത്തരത്തിലുള്ള ചിലരുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും നിരുത്തരവാദപരമാണെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.