പണം നൽകുന്നവർക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം… ഗുരുവായൂര്‍ ക്ഷേത്രത്തിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നെയ്‌വിളക്ക് പൂജയുടെ പേരില്‍ ആയിരം രൂപ വാങ്ങി ദര്‍ശനം അനുവദിക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ക്ഷേത്രത്തിന്റേത് വിവേചനപരമായ നടപടി ആണെന്ന് ചൂണ്ടിക്കാണിച്ച കമ്മിഷന്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

നെയ്‌വിളക്ക് പൂജയുടെ പേരില്‍ ആയിരം രൂപ വാങ്ങിയ ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുഗമമായ ദര്‍ശനം അനുവദിക്കുന്നത് അസമത്വവും അവകാശ ലംഘനവുമാണെന്ന പരാതിയില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Loading...

ഇക്കഴിഞ്ഞ ഏപ്രിലില്‍ കമ്മിഷന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തില്ലെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പകരം സമയം ചോദിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് 30 ദിവസത്തിനകം മറുപടി ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ നോട്ടീസ് അയച്ചത്.

നൂറ് കണക്കിന് ആളുകള്‍ ദര്‍ശനത്തിന് വരിനില്‍ക്കുമ്പോള്‍ സമ്പന്നര്‍ക്ക് ആയിരം രൂപ വാങ്ങി സുഗമമായി ദര്‍ശനം നല്‍കുന്നത് മനുഷ്യത്വപരമല്ലെന്നും സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.

ദേവസ്വത്തിന്റെ തീരുമാനം വിവേചനപരമാണ്. അഭിഭാഷകനായ വി ദേവദാസിന്റെ പരാതി പ്രകാരമാണ് നോട്ടീസ് അയച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവര്‍ ആരുംതന്നെ കേരളത്തില്‍ ഉണ്ടാകില്ല. അത്രയും പ്രസിദ്ധമാണ് ഈ ക്ഷേത്രവും ഗുരുവായൂര്‍ എന്ന സ്ഥലപ്പേരും. ശബരിമല പോലെ തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ഒരു ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. പുലർച്ചെ മൂന്ന് മണിക്കാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത്.

ഗുരുവായൂരിലെ നിത്യപൂജാക്രമങ്ങള്‍ ഇങ്ങനെ…

വെളുപ്പിന് മൂന്ന് മണിക്ക് – നടതുറക്കല്‍ 3.00 മുതല്‍ 3.10 വരെ – നിര്‍മാല്യദര്‍ശനം 3.10 മുതല്‍ 3.45 വരെ – തൈലാഭിഷേകം, വാകച്ചാര്‍ത്ത്, ശംഖാഭിഷേകം, സപ്തശുദ്ധി അഭിഷേകം 3.45 മുതല്‍ 4.10 വരെ – മലര്‍നിവേദ്യം, മുഖാലങ്കാരം 4.30 മുതല്‍ 4.50 വരെ – ഉഷനിവേദ്യം 4.50 മുതല്‍ 6.15 വരെ – ദര്‍ശനം, എതിരേറ്റുപൂജ തുടര്‍ന്ന് ഉഷപ്പൂജ 6.15 മുതല്‍ 7.15 വരെ – ദര്‍ശനവും ശീവേലിയും 7.15 മുതല്‍ 9.00 വരെ – പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം, പൂജ 9.00 മുതല്‍ 11.30 വരെ – ദര്‍ശനം 11.30 മുതല്‍ 12.30 വരെ – നിവേദ്യം – ഉച്ചപൂജ 12.30 മുതല്‍ 4.30 വരെ – നട അടയ്ക്കല്‍ വൈകുന്നേരം 4.30 ന് – നട തുറക്കല്‍ 4.30 മുതല്‍ 6.15 വരെ – ശീവേലി, ദര്‍ശനം 6.15 മുതല്‍ 6.45 വരെ – ദീപാരാധന (അസ്തമയമനുസരിച്ച്) 6.45 മുതല്‍ 8.15 വരെ – ദര്‍ശനം, നിവേദ്യം, അത്താഴപൂജ 8.30 മുതല്‍ 9.00 വരെ – അത്താഴശീവേലി 9.00 മുതല്‍ 9.15 വരെ – വിളക്ക് തൃപ്പുക ഓലവായന 9.15 ന് – നട അടയ്ക്കല്‍ .

ഉദയാസ്തമനപൂജയുള്ള ദിവസങ്ങളില്‍ ഉച്ചപൂജവരെയുള്ള പൂജകളുടെ സമയങ്ങളില്‍ സാധാരണ ദിവസങ്ങളുടേതില്‍നിന്നും മാറ്റം ഉണ്ടാകും. ഉദയാസ്തമനപൂജയുണ്ടെങ്കില്‍ ആകെ 21 പൂജവരും. അന്ന് വിളക്ക് കഴിഞ്ഞ് നട അടയ്ക്കുവാന്‍ ഏകദേശം രാത്രി പത്തുമണിയാകും. സാധാരണ ദിവസങ്ങളില്‍ അഞ്ച് പൂജകളും മൂന്ന് ശീവേലിയുമാണിവിടെയുള്ളത്.