എച്ച്4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളില്‍: യുഎസ്

Loading...

വാഷിങ്ടണ്‍: എച്ച്4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യുഎസ്. ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് എച്ച്4 വിസ. ഇതു നിര്‍ത്തലാക്കുന്ന തീരുമാനം പതിനായിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

യുഎസില്‍ ഇതുവരെ എഴുപതിനായിരത്തിലേറെപ്പേര്‍ എച്ച്4 വിസയില്‍ തൊഴില്‍ ചെയ്തുവരുന്നുണ്ട്. ഇതില്‍ 90 ശതമാനവും ഇന്ത്യക്കാരാണെന്ന് യുഎസ്. കുടിയേറ്റ നയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നു. ഇതില്‍ 94 ശതമാനം സ്ത്രീകളാണ്. 2015 മുതലാണ് എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച്4 വിസയില്‍ തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കിത്തുടങ്ങിയത്.

Loading...

എച്ച് 4 വിസ നിര്‍ത്തലാക്കുന്നതിനായുള്ള തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള ഔദ്യോഗിക നടപടികള്‍ അതേ മാസംതന്നെ ആരംഭിക്കുമെന്നും യുഎസ്. ആഭ്യന്തര സുരക്ഷാവിഭാഗം മാര്‍ച്ചില്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജൂണില്‍ ആഭ്യന്തര സുരക്ഷാവിഭാഗം തീരുമാനമറിയിക്കുകയോ അതില്‍ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല. രണ്ടാം തവണയാണ് എച്ച് 4 വിസ സംബന്ധിച്ച തീരുമാനമറിയിക്കുന്നതില്‍ ട്രംപ് ഭരണകൂടം വീഴ്ച വരുത്തുന്നത്. നേരത്തേ ഫെബ്രുവരിയില്‍ തീരുമാനമറിയിക്കണമെന്ന യുഎസ്. ഫെഡറല്‍ കോടതിയുടെ നിര്‍ദേശവും ഭരണകൂടം പാലിച്ചിട്ടില്ല.

ഒബാമ സര്‍ക്കാരാണ് എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവരുടെ ജീവിതപങ്കാളികള്‍ തുടങ്ങിയവര്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം കൊണ്ടുവന്നത്. ഈ നിയമം റദ്ദാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.