അയല്‍രാജ്യത്തെ പ്രണയിനിയെ സ്വന്തമാക്കണം ; അഫ്ഗാന്‍ വഴി പാകിസ്താനിലേക്ക് നുഴഞ്ഞുകയറി ; പിടിക്കപ്പെട്ട് ചാരന്‍ എന്ന് മുദ്രകുത്തി ജയിലിലായത് ആറു വര്‍ഷം ; ഹമീദ് അന്‍സാരിയുടെ കഥ സിനിമ പോലെ

2012 നവംബര്‍ 10 വരെ അയാള്‍ മാതാപിതാക്കളുമായി എല്ലാദിവസവും ബന്ധപ്പെട്ടു കൊണ്ടിരുന്നു. താന്‍ രണ്ടു ദിവസത്തിനുള്ളില്‍ മുംബൈയിലേക്ക് മടങ്ങിവരും എന്നായിരുന്നു അച്ഛനും അമ്മയ്ക്കും അവസാനമായി നലകിയ ഉറപ്പ്. എന്നാല്‍ അതിന് ശേഷം അയാളില്‍ നിന്നും ഒരു വിവരവും കിട്ടാതായി. ആറ് വര്‍ഷങ്ങള്‍ പാക് ജയിലില്‍ കഴിഞ്ഞ ശേഷം ഹമീദ് നെഹാല്‍ അന്‍സാരിക്ക് വേണ്ടി പ്രശസ്തമായ വാഗാ അതിര്‍ത്തിയില്‍ മാതാവ് ഫൗസിയയ്ക്ക് കാത്തിരിപ്പ് അസഹനീയമായിരുന്നു.

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് പെട്ടെന്ന് പോയ മകന്‍ പാകിസ്താനിലെ ജയിലില്‍ ആയിരുന്നെന്ന് ഏറെ വൈകിയായിരുന്നു മാതാപിതാക്കള്‍ മനസ്സിലാക്കിയത്. അന്നു തുടങ്ങിയ മാനവീക പോരാട്ടം വിജയം കണ്ടത് 2018 ഡിസംബര്‍ 18 നായിരുന്നു. പ്രതിസന്ധികളെ മറികടന്ന് അയല്‍രാജ്യക്കാരിയായ പ്രണയിനിയെ സ്വന്തമാക്കാനായി വ്യാജരേഖയുമായി പാകിസ്താനിലെ പെഷവാറില്‍ എത്തിയ അന്‍സാരിയെ ”ഇന്ത്യന്‍ ചാരന്‍” എന്ന് മുദ്രകുത്തിയാണ് പാക് സൈനിക കോടതി തുറങ്കിലടച്ചത്.

രാഷ്ട്രീയ സൈനീക വൈരത്തിന് മേല്‍ അയല്‍രാജ്യങ്ങളിലെ മാനവീകതയും മനുഷ്യത്വവും തല ഉയര്‍ത്തി നിന്ന സംഭവത്തില്‍ അന്‍സാരിക്ക് ഒടുവില്‍ മോചനത്തിന് വഴി തെളിയുകയായിരുന്നു. ചൊവ്വാഴ്ച വാഗാ അതിര്‍ത്തി താണ്ടി ഇന്ത്യന്‍ മണ്ണില്‍ കാലു കുത്തിയപ്പോള്‍ അതിര്‍ത്തിയില്‍ കുടുംബാംഗങ്ങളുമായുള്ള അന്‍സാരിയുടെ കൂടിക്കാഴ്ച ഏറെ വൈകാരികമായിരുന്നു.

ആറു വര്‍ഷമായി പാകിസ്താനിലെ മര്‍ദാന്‍ ജയിലില്‍ ആയിരുന്നു ഹമീദ് നെഹാല്‍ അന്‍സാരി. 2012 നവംബര്‍ 10 നായിരുന്നു അയാളെ പാക് സൈന്യം പെഷവാറിന് സമീപത്തെ കൊഹാട്ടിലെ ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഒരു ബോളിവുഡ് സിനിമാക്കഥയെ വെല്ലുന്നതാണ് അന്‍സാരിയുടെ കഥ.

ഓണ്‍ലൈനിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്ത പാക് പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി വിവാഹം നടത്താന്‍ വീട്ടുകാര്‍ നിശ്ചയിച്ചതറിഞ്ഞു അഫ്ഗാനിസ്ഥാന്‍ വഴിയാണ് അന്‍സാരി പാകിസ്താലേക്ക് പോയത്. എംബിയക്കാരനും എഞ്ചിനീയറിംഗ് ബിരുദം ചെയ്തു കൊണ്ടിരുന്നയാളുമായ അന്‍സാരി മാനേജ്‌മെന്റ് ടീച്ചറായി ജോലി നോക്കുകയായിരുന്നു. ബാങ്കറായ പിതാവ് നെഹാലിനും സ്‌കൂള്‍ അദ്ധ്യാപികയായ ഫൗസിയയ്ക്കും ഒപ്പം മുംബൈയിലെ വെര്‍സോവയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്.

അഫ്ഗാനിസ്ഥാനില്‍ എയര്‍പോര്‍ട്ട് മാനേജരായി ജോലി കിട്ടിയെന്ന് വ്യക്തമാക്കി 2012 നവംബര്‍ 4 നായിരുന്നു അന്‍സാരി കാബൂളിലേക്ക് പോയത്. സുരക്ഷിതത്വത്തെ കുറിച്ച ആശങ്കാകുലരായ മാതാപിതാക്കള്‍ മകനെ എതിര്‍ത്തെങ്കിലും അതൊന്നും അയാള്‍ വക വെച്ചില്ല. കാണാതായ ശേഷമാണ് അന്‍സാരി കാബൂള്‍ സന്ദര്‍ശിക്കാന്‍ പോയതിന്റെ കാരണം മാതാപിതാക്കള്‍ തേടിയത്. അതിനായി അയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ച അവര്‍ക്ക് രണ്ടു വര്‍ഷമായി ഇയാള്‍ ഒരു പാകിസ്താനി പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നതായി കണ്ടെത്തി.

ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇന്ത്യാക്കാരനുമായുള്ള ബന്ധം കണ്ടെത്തിയ പെണ്‍കുട്ടിയുടെ സഹോദരി വിവരം മാതാപിതാക്കള്‍ക്ക് ഒറ്റിക്കൊടുത്തു. തുടര്‍ന്ന് മകളുടെ വിവാഹം ഉടനടി നടത്താന്‍ തീരുമാനിച്ച പിതാവ് പെണ്‍കുട്ടിയുടെ വിവാഹം ഉടന്‍ തന്നെ നടത്താന്‍ തീരുമാനിച്ചു. നിരാശയിലായ പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴി തന്നെ പാകിസ്താനില്‍ വന്ന് രക്ഷിക്കാന്‍ കഴിയുമോയെന്ന് അന്‍സാരിയോട് ചോദിച്ചു. തുടര്‍ന്നായിരുന്നു കാമുകിയെ രക്ഷിക്കാനുള്ള ദൗത്യം അന്‍സാരി തീരുമാനിച്ചത്. വിവാഹം തീരുമാനിക്കപ്പെട്ട ശേഷം പ്രണയിനിയുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടാന്‍ അന്‍സാരിക്ക് ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു. അതിന് അയാള്‍ കണ്ടെത്തിയ വഴി കോഹട്ടിലെ കാമുകിയുടെ കൂട്ടുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ ട്രാക്ക് ചെയ്യുകയായിരുന്നു.

കാമുകിയുടെ വീട്ടില്‍ എന്താണ് നടക്കുന്നതെന്ന കണ്ടുപിടിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടിക്ക് അതിന് കഴിഞ്ഞില്ല. എങ്ങിനെയെങ്കിലും കാമുകിയെ സ്വന്തമാക്കാന്‍ തീരുമാനിച്ച അന്‍സാരിയോട് സുഹൃത്തുക്കളാണ് കാബൂള്‍ വഴി പാകിസ്താനിലേക്ക് എത്താമെന്ന ആശയം അവതരിപ്പിച്ചത്. വ്യാജ പാക് ഐഡി കാര്‍ഡ് തങ്ങള്‍ നിര്‍മ്മിച്ചു തരാമെന്നും അവര്‍ പറഞ്ഞു. ഉടന്‍ തന്നെ കാബൂളിലേക്ക് പോകാന്‍ ഓണ്‍ലൈന്‍ വഴി എല്ലാ ക്രമീകരണങ്ങളും നടത്തിയ അന്‍സാരി പാകിസ്താനിലേക്ക് നുഴഞ്ഞു കയറാന്‍ തന്നെ തീരുമാനിച്ചു.

പാകിസ്താന്‍ – അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ കാര്യമായ പരിശോധനകള്‍ ഇല്ലെന്നും അന്‍സാരി മനസ്സിലാക്കി. കാമുകിയുടെ നാടായ കോഹട്ടില്‍ വരെ കാര്യങ്ങളെല്ലാം അനുകൂലമായിരുന്നു. എന്നാല്‍ വ്യാജപ്പേരില്‍ കോഹട്ടിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് കഴിയുമ്പോള്‍ റെയ്ഡില്‍ അന്‍സാരി പിടിക്കപ്പെട്ടു. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ യും ചേര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ച് ഇയാളെ തടവിലാക്കി. പിന്നീട് വര്‍ഷങ്ങളോളം ഒരു വിവരവും ഇല്ലാതായി. ഇതിനിടയില്‍ മാതാപിതാക്കള്‍ അന്വേഷണം തുടങ്ങിയെങ്കിലും ഒന്നും എങ്ങും എത്തിയില്ല.

2015 ആഗസ്റ്റ് 19 ന് മെട്രോ ന്യൂസ് ടെലിവിഷന്റെ റിപ്പോര്‍ട്ടര്‍ സീനത്ത് എന്ന 26 കാരിയെ കാണാതായതാണ് അന്‍സാരിയുടെ കണ്ടെത്തലിലേക്കും വെളിച്ചം വീശീയത്. ഓട്ടോ റിക്ഷയില്‍ ലാഹോറിലൂടെ ജോലി കഴിഞ്ഞ വീട്ടിലേക്ക് പോകുകയായിരുന്ന ഇവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവരെ തട്ടിക്കൊണ്ടു പോയിരക്കാമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുറവിളി കൂട്ടുകയും 2017 ഒക്‌ടോബര്‍ 19 ന് ഇല്‍വരെ പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച കണ്ടെത്തുകയുമായിരുന്നു. ഇത് അന്‍സാരിയുടെ അറസ്റ്റും പുറത്തു വരാന്‍ കാരണമായി. അന്‍സാരിയുടെ മാതാപിതാക്കള്‍ വിവരം അറിഞ്ഞത് എല്ലാം കഴിഞ്ഞ് 14 മാസം കഴിഞ്ഞപ്പോഴാണ്. ഇവര്‍ പാകിസ്താനിലെ ഒരു അഭിഭാഷകന്‍ ക്വാസി മുഹമ്മദ് അന്‍വര്‍ വഴി അന്‍സാരിക്ക് വേണ്ടി നിയമയുദ്ധം തുടങ്ങി.

അന്‍വറിന്റെ സഹായത്തോടെ മാതാപിതാക്കള്‍ പെഷവാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്‍ സമര്‍പ്പിച്ചു. കൃത്യമായി പരാമര്‍ശിക്കാത്ത ഒരു കുറ്റത്തിന് അന്‍സാരിയെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്തതായിട്ടും അറിയിച്ചു. അന്നു മുതലാണ് നിമപോരാട്ടം തുടങ്ങിയത്. ഇതിനിടയില്‍ മകനെ ഒന്നു കാണാന്‍ പാകിസ്താന്‍ വിസ കിട്ടാന്‍ മാതാവ് പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2017 നവംബറില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിഷയത്തില്‍ ഇടപെട്ടു. അന്‍സാരിക്ക് വേണ്ടി 52 തവണ അപേക്ഷ സമര്‍പ്പിച്ചതായി സുഷമ പറഞ്ഞു.