ഹനീഫ വധം; പുനരന്വേഷണത്തിനു ഡിജിപി ഉത്തരവിട്ടു

തൃശ്ശൂർ: ഗ്രൂപ്പ് പോരിനെ തുടർന്ന് തൃശ്ശൂർ ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ എ.സി ഹനീഫ കൊല്ലപ്പെട്ട സംഭവത്തിൽ പുനരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസിൽ പുനരന്വേഷണം നടത്താൻ തീരുമാനമെടുത്തത്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. 2015 ഓഗസ്റ്റ് ഏഴിനു രാത്രിയാണ് ഹനീഫ വീട്ടുമുറ്റത്ത് കുത്തേറ്റ് മരിച്ചത്. ഹനീഫ കൊല്ലപ്പടുന്നതിനു മുമ്പ് ഗുരുവായൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന ഗോപപ്രതാപൻ വീട്ടിലെത്തി വധഭീഷണി മുഴക്കിയതായി ഹനീഫയുടെ ഉമ്മ അയിഷാബി മൊഴി നൽകിയിരുന്നു. എന്നാൽ കുറ്റപത്രത്തിലോ പ്രതിപ്പട്ടികയിലോ ഗോപപ്രതാപനെ ഉൾപ്പെടുത്തിയിരുന്നില്ല. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്നുണ്ടായ സംഘർഷങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് എഫ്െഎആറിൽ ചൂണ്ടിക്കാട്ടി. എന്നാൽ നേരിട്ട് രാഷ്ട്രീയ ബന്ധമുള്ള ആരെയും പ്രതി ചേർത്തിരുന്നില്ല. ഇതിനെതിരെ ഹനീഫയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഡിജിപി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

പ്രത്യേക ക്രൈം ബ്രാഞ്ച് സംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്താനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. കൊലപാതകത്തിന്റെ സൂത്രധാരൻ എന്നു കുടുംബം ആരോപിക്കുന്ന ഗോപപ്രതാപനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.