ഹാര്‍ദിക് പട്ടേലിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

അഹമ്മദാബാദ് : പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെത്തുടര്‍ന്നാണ് നടപടി. അഹമ്മദാബാദ് ജില്ലാ കോടതിയുടേതാണ് നടപടി.

ഹാര്‍ദിക് വിചാരണ വൈകിക്കുകയാണെന്ന സർക്കാരിന്റെ അപേക്ഷ പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജി ബിജി ഗണത്ര പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഹാര്‍ദിക് നിരന്തരം ഇളവ് തേടുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. വിചാരണയ്ക്ക് ഹാജരാകാതിരിക്കുന്നതിലൂടെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് ഹാര്‍ദിക് നടത്തുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

Loading...

2015 ആഗസ്റ്റ് 25 ന് സംഘടിപ്പിച്ച പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഹാര്‍ദിക് പട്ടേലിനെ 2 വര്‍ഷത്തേക്ക് ജയിലിലടയ്ക്കാന്‍ കോടതിവിധിച്ചിരുന്നു. 2016 ല്‍ ഹാര്‍ദ്ദികിന് ജാമ്യം ലഭിച്ചു.

അതേസമയം 2018 നവംബറിന്‍ ഹാര്‍ദികിനെ കൂടാതെ പ്രക്ഷോഭം നയിച്ച മറ്റുള്ളവര്‍ക്കെതിരേയും ശിക്ഷ വിധിച്ചു. പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടാണ് പട്ടിദാര്‍ അനാമത് ആന്ദോളന്‍ എന്ന സംഘടന പ്രക്ഷോഭം സംഘടിപ്പിച്ചത്. 2015 ജൂലായില്‍ നടന്ന പ്രക്ഷോഭത്തില്‍ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.