20 ദിവസമായി ഹാര്‍ദിക് പട്ടേലിനെ കാണാനില്ല; ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്ന് ഭാര്യ

അഹമ്മദാബാദ്: ഹാര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസങ്ങളായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേല്‍ രംഗത്ത്. 20 ദിവസമായി ഹാര്‍ദികിനെ കാണാനില്ലെന്നും സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നുമാരോപിച്ചാണ് ഭാര്യ കിഞ്ജല്‍ പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന വീഡിയോയും പുറത്തു വിട്ടിരിക്കുകയാണ്.

‘പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. അന്ന് ഹര്‍ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവരിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്’ കിഞ്ജല്‍ പട്ടേല്‍ പറഞ്ഞു.അതേ സമയം ഫെബ്രുവരി 11-ന് ഡല്‍ഹി വിജയത്തില്‍ അരവിന്ദ് കെജ്‌രിവാളിന് ആശംസകളറിയിച്ച് ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Loading...

ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു. നാല് വര്‍ഷം മുമ്പുള്ള സംഭവങ്ങളുടെ പേരില്‍ ഗുജറാത്ത് പോലീസ് കേസുകളില്‍ പ്രതിചേര്‍ത്ത്‌ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ കോണ്‍ഗ്രസ് നേതാന് ഹാര്‍ദിക് പട്ടേലിനെ മറ്റൊരു കേസില്‍ അപ്പോള്‍ തന്നെ ഗുജറാത്ത് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. സാബര്‍മതി ജയിലിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നതിനിടെയായിരുന്നു വീണ്ടും പിടികൂടിയത്.

നാലുവര്‍ഷം മുമ്പുള്ള രാജ്യദ്രോഹക്കുറ്റക്കേസില്‍ ഹാജരാകാത്തതിന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനാലാണ് ജനുവരി 18-ന് ഹാര്‍ദിക്കിനെ ആദ്യം അറസ്റ്റ് ചെയ്തത്. പട്ടേല്‍ സംവരണസമരത്തോട് അനുബന്ധിച്ച് ക്രൈംബ്രാഞ്ച് എടുത്ത ഈ കേസില്‍ കോടതി കുറ്റംചുമത്തി വിചാരണ തുടങ്ങിയപ്പോളാണ് അദ്ദേഹം തുടര്‍ച്ചയായി ഹാജരാകാതിരുന്നത്.അഞ്ചുദിവസം ജയിലില്‍ കഴിഞ്ഞ യുവനേതാവിന് വ്യവസ്ഥകളോടെ കോടതി ബുധനാഴ്ച ജാമ്യം നല്‍കി.

വ്യാഴാഴ്ച ജയിലിന് പുറത്തുവന്നപ്പോള്‍ പ്രവര്‍ത്തകരെക്കൂടാതെ ഗാന്ധിനഗര്‍ ജില്ലയിലെ മണ്‍സ പോലീസും കാത്തുനിന്നിരുന്നു. 2017-ല്‍ അവിടെ പോലീസിന്റെ അനുമതിയില്ലാതെ പൊതുയോഗത്തില്‍ പ്രസംഗിച്ച കേസിലാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ഹാര്‍ദിക്കിനോട് ഗുജറാത്ത് സര്‍ക്കാര്‍ വൈരാഗ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. കോടതി നടപടികളെപ്പറ്റി അറിയാതെയാണ് പ്രിയങ്കയുടെ ഇടപെടലെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.