പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താല്‍; 5.2 കോടി കെട്ടിവെച്ച ശേഷം ജാമ്യം

കൊച്ചി. എന്‍ഐഎ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി കേസില്‍ അറസ്റ്റിലായ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ 5.2 കോടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്ട്രര്‍ ചെയ്ത എല്ലാ കേസുകളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ അബ്ദുല്‍ സത്തറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രതികള്‍ നഷ്ടപരിഹാരം കെട്ടിവെച്ച ശേഷം മാത്രമേ ജാമ്യം നല്‍കാവുഎന്നും എല്ലാ മജിസ്‌ട്രേറ്റു കോടതികള്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. പണം കെട്ടിവെക്കാത്ത പക്ഷം സ്വത്തുക്കള്‍ കണ്ട് കെട്ടാമെന്നും കോടതി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലിയ നഷ്ടം ഉണ്ടായി എന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Loading...

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അഞ്ച് കോടി ആറ് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി എന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.നഷ്ടപരിഹാരം ഈടാക്കുവാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. കെഎസ്ആര്‍ടിസിയുടെ നഷ്ടവും വരുമാന നഷ്ടവും അക്രമികളില്‍ നിന്ന് ഈടാക്കുവാന്‍ നേരത്തെ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. 58 ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ക്കുകയും 10 ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.