പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; പൊലീസ് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ നടന്ന മുദ്രാവാക്യം വിളിയിൽ പൊലീസ് കേസെടുത്തു. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.കുട്ടിയെക്കൊണ്ട് വർഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് മത സ്‍പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രകടനം ആലപ്പുഴയിൽ നടന്നത്. പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം. ഇതിനിടെ കുട്ടി പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലർ ഫ്രണ്ട് രംഗത്ത് വന്നു. എന്നാൽ വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്ന് പോപ്പുലർ ഫ്രണ്ട് വിശദീകരണത്തിൽ പറയുന്നു.