ഹാഥ്‌റസ് കേസ്; ‘കുടുംബത്തിനെതിരെ പ്രതികള്‍ പരാതി നല്‍കിയിരുന്നുവെങ്കില്‍ കേസ് എടുക്കുമായിരുന്നു’

ഹാഥ്‌റസ് കേസില്‍ പെണ്കുട്ടിയുടെ കുടുംബത്തിനെതിരെ പ്രതികള്‍ പരാതി നല്‍കിയിരുന്നുവെങ്കില്‍ കേസ് എടുക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സസ്‌പെന്‍ഷനിലായ ഇന്‍സ്പെക്ടറുടെതാണ് വെളിപ്പെടുത്തല്‍. സംഭവത്തില്‍ ബലാത്സംഗത്തിന് കേസെടുക്കാന്‍ ആദ്യം തയ്യാറയില്ലെന്നും മുന്‍ ഇന്‍സ്പെക്ടര്‍ ദിനേശ് വര്‍മ്മ സമ്മതിച്ചു. സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ഹാഥ്‌റസ് സംഭവവുമായി ബന്ധപ്പെട്ട് 5 പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു. ഇതില്‍ ഒരാളായിരുന്നു ഇന്‍സ്പെക്ടര്‍ ദിനേശ് കുമാര്‍ വര്‍മ്മ. ഇയാളാണ് ഒരു ദേശീയ മാധ്യമത്തിന്റെ ഒളി ക്യാമറയില്‍ കുടുങ്ങിയത്.കുടുംബമാണ് പെണ്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പരാതി നല്‍കിയിരുന്നെങ്കില്‍ കേസ് എടുക്കുമായിരുന്നുവെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പെണ്കുട്ടിയുടെ കുടുംബം നിരവധി പ്രാവശ്യം പറഞ്ഞിട്ടും ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ദിനേശ് വര്‍മ സമ്മതിച്ചു. ആദ്യം നല്‍കിയ മൊഴിയില്‍ പ്രതികള്‍ അക്രമിച്ചതായി പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ലൈംഗിക പീഡനത്തെക്കുറിച്ചോ ബലാത്സംഗത്തെക്കുറിച്ചോ പരാമര്‍ശിച്ചില്ല. അതുകൊണ്ട് ബലാത്സംഗത്തിനുള്ള വകുപ്പുകള്‍ എഫ്ഐ ആറില്‍ ചേര്‍ത്തില്ലെന്ന് അദ്ദേഹം പറയുന്നു.

Loading...

സംഭവം നടന്ന സ്ഥലത്ത് എത്തി ചേരുന്നതിലെ വീഴ്ച സമ്മതിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടന്‍ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിയില്ല. ഇരയ്ക്ക് ഉടന്‍ വൈദ്യസഹായം നല്‍കാന്‍ വൈകിയെന്നും ദിനേശ് വര്‍മ്മ സമ്മതിച്ചു.ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത് പ്രകാരമാണ് മൃതദേഹം രാത്രി തന്നെ സാംസ്‌ക്കരിച്ചത്. മൃതദേഹവുമായി പ്രതിഷേധിക്കുന്നത് തിരിച്ചടിയാകുമെന്ന് ജില്ലാ ഭരണ കൂടത്തിന് ആശങ്ക ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തെ ചൊല്ലി ബിജെപിയിലെ സവര്‍ണ ദളിത് നേതാക്കള്‍ തമ്മിലെ ചേരിപ്പോര് ശക്തമാണ്. വാല്‍മീകി സമുദായത്തില്‍പ്പെട്ട ഹാത് റസ് എംപി രാജീവ് സിങ് ദിലറും മകള്‍ മഞ്ജു ദിലറും പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നുവെന്നാണ് സവര്‍ണ നേതാക്കളുടെ പരാതി. മുന്‍ എംഎല്‍എ രജ്വീര്‍ സിംഗ് പഹല്‍വാന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ദിലറിനെതിരെ രംഗത്തെത്തി.